ന്യൂഡൽഹി: കേന്ദ്ര പ്രതിരോധ സെക്രട്ടറിയായി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ രാജേഷ് കുമാർ സിംഗ് ചുമതലയേറ്റു. 1989 ബാച്ച് കേരള കേഡർ ഉദ്യോഗസ്ഥനായ അദ്ദേഹം പ്രതിരോധ മന്ത്രാലത്തിൽ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പുഷ്പചക്രം അർപ്പിച്ച ശേഷമാണ് രാജേഷ് കുമാർ ചുമതലയേറ്റത്. 2026 ഒക്ടോബർ 31 വരെയാണ് നിയമനം.
2023 ഏപ്രിൽ മുതൽ 2024 ഓഗസ്റ്റ് വരെ കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പിന് കീഴിലെ ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് പ്രമോഷൻ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. കരിയറിന്റെ തുടക്കത്തിൽ സംസ്ഥാന നഗരവികസന സെക്രട്ടറിയുടെയും ധനകാര്യ സെക്രട്ടറിയുടെയും ചുമതല വഹിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശ് കേഡർ ഉദ്യോഗസ്ഥനായ ഗിരിധർ അരമനയുടെ പിൻഗാമിയായാണ് രാജേഷ് കുമാർ സിംഗ് എത്തുന്നത്. രണ്ട് വർഷത്തെ സേവനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് അദ്ദേഹം വിരമിച്ചത്.















