യുക്രെയ്‌നെതിരായ പോരാട്ടത്തിൽ വിജയം നേടുന്നത് വരെ തങ്ങൾ റഷ്യയെ പിന്തുണയ്‌ക്കുന്നത് തുടരുമെന്ന് ഉത്തരകൊറിയൻ വിദേശകാര്യമന്ത്രി ചോ സൺ ഹുയി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി മോസ്‌കോയിൽ വച്ച് നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് പ്രതികരണം. അമേരിക്കയും ദക്ഷിണ കൊറിയയും ഉത്തരകൊറിയയ്‌ക്കെതിരെ ആണവാക്രമണം നടത്താൻ പദ്ധതിയിടുന്നതായും ചോ സൺ ഹുയി ആരോപിക്കുന്നു.
” ഇരുകൂട്ടരും തമ്മിലുള്ള ബന്ധം സൈനിക സഹകരണത്തിലൂടെ പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. റഷ്യയുടെ സൈന്യവും ജനങ്ങളും അവരുടെ രാജ്യത്തിന്റെ പരമാധികാരവും, സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തിൽ വിജയം നേടുക തന്നെ ചെയ്യും. ആ വിജയം നേടുന്ന അവസാന ദിവസം വരെയും ഞങ്ങൾ റഷ്യയുടെ സൈനികർക്കൊപ്പം അടിയുറച്ച് നിൽക്കുമെന്ന് ഉറപ്പ് നൽകുകയാണ്.
അമേരിക്കയിൽ നിന്നും ദക്ഷിണ കൊറിയയിൽ നിന്നും ഉയരുന്ന ഭീഷണികൾ കൊറിയൻ അതിർത്തിയിലെ നിലവിലെ സാഹചര്യത്തെ ഏത് നിമിഷവും മാറ്റി മറിച്ചേക്കാം. അതുകൊണ്ട് തന്നെ ആണവ ശേഖരം വർദ്ധിപ്പിക്കേണ്ടത് ഉത്തരകൊറിയയെ സംബന്ധിച്ച് അത്യാവശ്യമായി മാറിയിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങൾ ഉത്തരകൊറിയയെ ഭയപ്പെടുത്താറില്ല. ആവശ്യമെങ്കിൽ ആണവ ആക്രമണം നടത്താനും മടിയ്‌ക്കില്ലെന്നും” ചോ പറയുന്നു.
യുക്രെയ്ൻ അതിർത്തികളിലായി ആയിരക്കണക്കിന് ഉത്തരകൊറിയൻ സൈനികർ നിലയുറപ്പിച്ചിരിക്കുകയാണെന്നും, ഇവരെ യുദ്ധത്തിനായി വിന്യസിച്ചിരിക്കുകയാണെന്നുമുള്ള ആരോപണം അമേരിക്ക ഉന്നയിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം ഉത്തരകൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണവിക്ഷേപണം നടത്തിയിരുന്നു. ദീർഘദൂര ഭൂഖണ്ഡാന്തര മിസൈലാണ് ഉത്തരകൊറിയ അയച്ചതെന്നും, ഇത് അമേരിക്കയെ ലക്ഷ്യമിട്ടുള്ളതാണെന്നും ദക്ഷിണ കൊറിയ ആരോപിച്ചു. വിക്ഷേപണം സ്ഥിരീകരിച്ചുള്ള പ്രസ്താവന ഉത്തരകൊറിയയും പുറത്ത് വിട്ടിട്ടുണ്ട്.















