രാഷ്ട്രീയ പാർട്ടികൾക്ക് ഉപദേശം നൽകുന്നതിന് ഈടാക്കുന്ന തുക എത്രയെന്ന് വെളിപ്പെടുത്തി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ പാർട്ടികളെ ഉപദേശിക്കുന്നതിന് ഫീസായി ഈടാക്കുന്നത് 100 കോടി രൂപയാണെന്ന് ജൻ സുരാജ് പാർട്ടി കൺവീനർ വ്യക്തമാക്കി. ബിഹാറിൽ ഉപതിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ ബെലഗഞ്ചിൽ ഒക്ടോബർ 31ന് നടത്തിയ ക്യാമ്പയിനിടയിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന ചോദ്യം എപ്പോഴും ഉയരാറുണ്ട്. വിവിധ സംസ്ഥാനങ്ങളിലായി കിടക്കുന്ന പത്ത് സർക്കാരുകൾ ഭരിച്ചുകൊണ്ടിരിക്കുന്നത് താൻ ഉപദേശിച്ച തന്ത്രങ്ങൾ നടപ്പിലാക്കിയാണെന്ന് പ്രശാന്ത് കിഷോർ പറഞ്ഞു.
”പ്രചാരണത്തിന് വേണ്ട ടെൻ്റുകളും മേലാപ്പുകളും കെട്ടാൻ മതിയായ പണം തനിക്കില്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഞാൻ അത്ര ദുർബലനായ വ്യക്തിയാണെന്നാണോ നിങ്ങൾ കരുതുന്നത്? എനിക്ക് കിട്ടുന്ന അത്രയും ഫീസ് ബിഹാറിൽ വേറെയാരും വാങ്ങുന്നുണ്ടാകില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഒരു പാർട്ടിയെ ഉപദേശിച്ചാൽ കിട്ടുന്ന ഫീസ് 100 കോടി രൂപയോ അതിലധികമോ ആണ്. അത്തരത്തിൽ ഒരൊറ്റ ഉപദേശത്തിലൂടെ കിട്ടുന്ന തുക മതി, എന്റെ പാർട്ടിക്ക് ഇലക്ഷൻ പ്രചാരണങ്ങൾ നടത്താൻ.” പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിഹാറിലെ ഉപതെരഞ്ഞെടുപ്പിനായി ഇത്തവണ ജൻ സുരാജ് പാർട്ടിയും മത്സരിക്കുന്നുണ്ട്. നാല് നിയോജകമണ്ഡലത്തിലും അവർക്ക് സ്ഥാനാർത്ഥികളുണ്ട്. നവംബർ 13നാണ് ബിഹാറിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 23നാണ് വോട്ടെണ്ണൽ.