കോട്ടയം: ശബരിമല അയ്യപ്പ സേവാസമാജം കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തി. ശബരിമല തീർത്ഥാടനത്തിന് മാർഗ്ഗദർശനം നൽകുന്നതിനും പദ്ധതികൾക്ക് രൂപം നൽകുന്നതിനും മുതിർന്ന ഗുരുസ്വാമിമാർ ശബരിമല തന്ത്രി മുൻമേൽശാന്തിമാർ തുടങ്ങിയവരുടെയും ആശയങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനും ലക്ഷ്യമിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
അയ്യപ്പൻമാരുടെ സംരക്ഷണത്തിനും ശബരിമലയുടെ ശരിയായ നടത്തിപ്പിനും വേണ്ടി ഭരണസംവിധാനങ്ങളെ ഏകോപിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് സംവിധാനം ഉണ്ടാകേണ്ടത് ആവശ്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത അയ്യപ്പസേവാ സമാജം മാർഗദർശക് എ.ആർ മോഹൻ പറഞ്ഞു. അധികൃതർക്ക് അയ്യപ്പന്മാരുടെ ധനത്തിൽ മാത്രമാണ് കണ്ണെന്നും അയ്യപ്പന്മാരെ കറവപശുക്കളായി കണ്ട് ഊറ്റി എടുക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൂജനീയ സ്വാമി സത്സ്വരൂപാനന്ദ മുഖ്യപ്രഭാഷണവും പന്തളം കൊട്ടാരം നിർവഹണസമിതി മുൻ സെക്രട്ടറി നാരായണ ശർമ, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി രാമൻ നായർ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. അയ്യപ്പ സേവാസമാജം ദേശീയ ജനറൽ സെക്രട്ടറി ഈറോഡ് രാജൻ അയ്യപ്പ സന്ദേശം നൽകി.
നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാരെയും മുൻ മേൽശാന്തിമാരെയും ഗുരുസ്വാമിമാരെയും പരിപാടിയിൽ ആദരിച്ചു. ശബരിമല തന്ത്രി ബ്രഹ്‌മശ്രീ താഴ്മൺ മഠം കണ്ഠര് മോഹനര് ആത്മീയ സംഗമത്തിന് തിരി തെളിയിച്ചു. അയ്യപ്പസേവ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട് ധ്വജാരോഹണം നടത്തി. വർക്കിംഗ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ് ശബരിമല അന്നും ഇന്നും എന്ന വിഷയം അവതരിപ്പിച്ചു. സ്ഥാപക ട്രസ്റ്റി വി.കെ വിശ്വനാഥൻ സമാപന സന്ദേശം നൽകി.















