റാഞ്ചി: ഛത്തീസ്ഗഢിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം. സുക്മയിലെ ആഴ്ച ചന്തയിൽ വച്ചായിരുന്നു സംഭവം. ജഗർഗുണ്ട പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്. മാവോയിസ്റ്റുകൾ മൂർച്ചയേറിയ ആയുധങ്ങൾ കൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം ഉദ്യോഗസ്ഥരുടെ ഓട്ടോമാറ്റിക് റൈഫിളുകൾ കൈക്കലാക്കി വനത്തിനുള്ളിലേക്ക് കടന്നു.
ജഗർഗുണ്ട ഗ്രാമത്തിലെ മാർക്കറ്റിൽ സുരക്ഷാ ഡ്യൂട്ടിക്ക് വിന്യസിച്ചിരുന്ന ഉദ്യോഗസ്ഥർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു എകെ 47 തോക്കും ഒരു സെൽഫ് ലോഡിങ് റൈഫിളുമാണ് (SLR) മാവോയിസ്റ്റുകൾ കൊള്ളയടിച്ചതെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു. ആക്രമികൾ വനത്തിനുള്ളിലേക്ക് ഓടി രക്ഷപ്പെട്ടുവെന്നും ഇവർക്കായി തെരച്ചിൽ നടക്കുകയാണെന്നും എസ്പി കൂട്ടിച്ചേർത്തു.
കർത്തം ദേവ, സോധി കണ്ണ എന്നീ പൊലീസുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ രണ്ട് ഉദ്യോഗസ്ഥരെയും പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്നും വിദഗ്ധ ചികിത്സയ്‌ക്കായി സുക്മയിലേക്ക് മാറ്റും. ഒരാൾക്ക് കഴുത്തിലും മറ്റൊരാൾക്ക് താടിയെല്ലിലുമാണ് പരിക്കേറ്റത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.