ഇന്ന് മലയാള സിനിമാ മേഖലയിലെ നടിമാർ എന്തും തുറന്നുപറയാൻ ധൈര്യമുള്ളവരാണെന്ന് നടി വാണി വിശ്വനാഥ്. പണ്ടത്തെ കാലത്തുള്ള നടിമാരെക്കാൾ ചങ്കൂറ്റമുള്ളവരാണ് ഇപ്പോഴുള്ള അഭിനേത്രികളെന്നും സിനിമയിൽ വളരെ സോഫ്റ്റ് കഥാപാത്രങ്ങളായി അഭിനയിച്ചാലും യഥാർത്ഥ ജീവിതത്തിൽ അവർ വളരെ ബോൾഡാണെന്നും വാണി വിശ്വനാഥ് പറഞ്ഞു. വാണി വിശ്വനാഥ് പ്രധാന വേഷത്തിലെത്തുന്ന ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്.
പണ്ടത്തെ നടിമാരെക്കാൾ കൂടുതൽ ധൈര്യം ഇന്നത്തെ തലമുറയിലെ നടിമാർക്കുണ്ട്. പ്രതികരിക്കാൻ അറിയാവുന്നവരാണ് ഇന്നത്തെ അഭിനേത്രികൾ. എന്തും പറയാൻ മടിയില്ലാത്തവരാണ് ഇപ്പോഴുള്ള കുട്ടികൾ. അവരോടൊപ്പം അഭിനയിക്കണമെന്ന് വലിയ ആഗ്രഹമാണ്.
കഥാപാത്രങ്ങളിൽ കാണുന്ന അത്രയ്‌ക്ക് ധൈര്യമൊന്നും ജീവിതത്തിൽ എനിക്കില്ല. മമ്മൂട്ടിയോടും മോഹൻലാലിനുമൊപ്പവും അഭിനയിക്കുമ്പോൾ എനിക്ക് എപ്പോഴും പേടിയാണ്. പ്രേക്ഷകർ സിനിമയിൽ കാണുന്ന വാണി വിശ്വനാഥല്ല യഥാർത്ഥ ജീവിതത്തിലെ ഞാൻ. സിനിമയിൽ ചെയ്യുന്നതൊന്നും എനിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങളാണ്. മക്കളുടെ ആഗ്രഹപ്രകാരമാണ് വീണ്ടും അഭിനയിക്കാൻ തീരുമാനിച്ചത്.
മലയാള സിനിമാ മേഖലയിലെ ഇപ്പോഴുള്ള പ്രതിസന്ധികളൊക്കെ മാറി വലിയൊരു വളർച്ചയിലേക്ക് കടക്കുമെന്നാണ് വിശ്വസിക്കുന്നത്. തെലുങ്കിലൂടെയാണ് ഞാൻ ആദ്യമായി സിനിമയിലേക്കെത്തിയത്. തെലുങ്കിൽ ഒരു അവസരം ലഭിച്ചാൽ ഉറപ്പായും പോകുമെന്നും വാണി വിശ്വനാഥ് പറഞ്ഞു.