അബുദാബി: സുരക്ഷിതമല്ലാത്ത ഭക്ഷണത്തിന് അബുദാബിയിലെ സ്‌കൂളുകളിൽ വിലക്ക്. അലർജിക്ക് കാരണമാകുന്ന ഭക്ഷണങ്ങൾ കഴിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമാണ് നിരോധന. സ്‌കൂളിലേക്കുള്ള ഭക്ഷണ ഡെലിവറി സേവനങ്ങളും അവസാനിപ്പിച്ചു.
അടുത്തിടെ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അംഗീകരിച്ച് നടപ്പാക്കിയ ഭക്ഷ്യസുരക്ഷാ നയപ്രകാരമാണ് പുതിയ തീരുമാനം. കൂടാതെ സ്‌കൂൾ സമയങ്ങളിൽ വിദ്യാർഥികൾക്ക് പുറമെനിന്നുള്ള ഭക്ഷണ വിതരണ സേവനങ്ങൾക്കും നിരോധനമുണ്ട്. സ്‌കൂൾ പ്രവൃത്തി സമയത്തോ അതു കഴിഞ്ഞോ ഹോട്ടലുകളിൽനിന്നും മറ്റും ഓർഡർ ചെയ്ത് സ്‌കൂളിൽ ഭക്ഷണം എത്തിച്ച് കഴിക്കുന്നതിനാണ് നിരോധന.
ആരോഗ്യകരമായ ഭക്ഷണമാണ് കുട്ടികൾ സ്‌കൂളിലേക്കു കൊണ്ടുവരുന്നതെന്ന് രക്ഷിതാക്കളും സ്‌കൂൾ അധികൃതരും ഉറപ്പാക്കണമെന്ന് അഡെക് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി അഡെക് അംഗീകരിച്ച നയം നടപ്പിലാക്കാൻ സ്‌കൂളുകൾ ബാധ്യസ്ഥരാണെന്നും നിയമലംഘകർക്കെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അലർജിയുള്ള വിദ്യാർഥികളുടെ ആരോഗ്യവിവരങ്ങൾ സ്‌കൂളുകൾ സൂക്ഷിക്കണം. അലർജിയെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ലേബലുകൾ സ്‌കൂൾ കാന്റീനുകളിലെ ഭക്ഷ്യവസ്തുക്കൾക്ക് മുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നതടക്കമുള്ള നിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. സ്‌കൂൾ കാന്റീനുകളിലെ ഭക്ഷണം മെച്ചപ്പെടുത്തുന്നതിന് വിദ്യാർഥികളുടെ അഭിപ്രായവും കണക്കിലെടുക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.