ടോക്കിയോ: ജപ്പാനിലെ ജനത ഉയർന്ന ആയുർദൈർഘ്യമുള്ളവരാണെന്ന വസ്തുത പൊതുവെ അംഗീകരിക്കപ്പെട്ടതാണ്. ജാപ്പനീസ് ഭക്ഷണരീതിയാണ് ഇതിനുപിന്നിലെന്ന് പല വിദഗ്ധരും അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാൽ സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത് ഈ ഭക്ഷണങ്ങൾക്ക് കാൻസർ പ്രതിരോധ ശേഷിയുമുണ്ടെന്നാണ്. ജാപ്പനീസ് ഭക്ഷണങ്ങളിൽ കാണപ്പെടുന്ന ന്യൂക്ലിക് ആസിഡുകൾക്ക് കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ കഴിയുമെന്ന് അസോസിയേറ്റ് പ്രൊഫസർ അക്കിക്കോ കൊജിമ യുവാസയുടെ നേതൃത്വത്തിലുള്ള ഒസാക്ക മെട്രോപൊളിറ്റൻ യൂണിവേഴ്‌സിറ്റി ഗവേഷകർ കണ്ടെത്തി.
കാൻസർ പ്രതിരോധിക്കാൻ ജാപ്പനീസ് ഭക്ഷണങ്ങൾ കോശങ്ങളെ എങ്ങനെ സഹായിക്കുന്നു എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ക്യാൻസർ കോശങ്ങളുടെ വളർച്ച തടയാൻ ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രത്യേക സംയുക്തങ്ങൾ പ്രധാന പങ്കുവഹിക്കുന്നു. പരമ്പരാഗത ജാപ്പനീസ് ഭക്ഷണങ്ങളായ സാൽമൺ, ചിലയിനം യീസ്റ്റ്, സസ്യാഹാരങ്ങൾ എന്നിവയിൽ കാൻസറിനെ പ്രതിരോധിക്കുന്ന ന്യൂക്ലിക് ആസിഡ് തന്മാത്രകൾ വലിയ അളവിൽ അടങ്ങിയിട്ടുണ്ട്.
കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ പ്രത്യേക കഴിവുള്ള ന്യൂക്ലിക് ആസിഡ് സംയുക്തങ്ങളാണ് ഗ്വാനോസിൻ. ഇത് കാൻസർ കോശങ്ങളുടെ വിഘടിക്കുന്നതിനുള്ള ശേഷി പരിമിതപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. ഇതിലൂടെ കാൻസർ കോശങ്ങളുടെ വ്യാപനം തടയാൻ കാരണമാകുമെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. പഠനം പ്രാരംഭ ഘട്ടത്തിലാണ്. കണ്ടെത്തൽ കാൻസർ പ്രതിരോധത്തിന് സഹായിക്കുന്ന ഭക്ഷണരീതികളും സപ്ലിമെന്റുകളും വികസിപ്പിക്കാൻ വഴിയൊരുക്കുമെന്ന് ഗവേഷകർ പറയുന്നു.