എല്ലാം പായ്ക്കറ്റിലായി കിട്ടുന്ന കാലത്താണ് നാം ജീവിക്കുന്നത്. എന്തും ഏതും അദ്ധ്വാനമില്ലാതെ കൈകളിലേക്ക് എത്തുന്നു, മനുഷ്യന്റെ ജോലിഭാരം കുറയ്ക്കുന്നു. എന്നാൽ യാതൊരുവിധത്തിലും ലഭ്യമല്ലാത്തവയുടെ പട്ടികയിലാണ് ശുദ്ധവായുവും. എന്നാൽ 100 ശതമാനവും ശുദ്ധമായ വായു വിൽക്കുന്നുവെന്ന് പറഞ്ഞാലോ? തമാശയായി തോന്നുമെങ്കിലും സംഭവം ഉള്ളതാണ്.
അങ്ങ് ഇറ്റലിയാണ് ഈ കൗതുക വിൽപന. സ്വാഭാവികമായ ഭംഗിക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ട ഇടമാണ് കോമോ തടാകം. ഈ തടാകത്തിലെ വെള്ളം കുപ്പിയിലാക്കി കൊണ്ടുപോകാനുള്ള അവസരം നൽകുകയാണ് പ്രമുഖ കമ്മ്യൂണിക്കേഷൻ കമ്പനിയായ ഇറ്റലികമ്മ്യൂണിക്ക. ഇതിനായി കോമോ എയർ ക്യാനുകൾ വികസിപ്പിച്ചിരിക്കുകയാണ് കമ്പനി. ഓരോ ക്യാനിലും 400 മില്ലി ലിറ്റർ ശുദ്ധവായും അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി വെബ്സൈറ്റിൽ പറയുന്നത്. സ്വർഗീയ കോണിലെ ടിന്നിലടച്ച സമാധാനവും ചാരുതയും സ്മരിക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ ഉത്പന്നം എന്നാണ് ക്യാനിനെ കമ്പനി വിശേഷിപ്പിക്കുന്നത്. 11 ഡോളർ അല്ലെങ്കിൽ 926 രൂപയാണ് ക്യാനിന്റെ വില.
കോമോ തടാകത്തിലെ വായു ഓൺലൈനായി ലഭിക്കില്ല, മറിച്ച് പ്രദേശത്തെ പ്രാദേശിക കടകളിൽ മാത്രമാണ് ഇവ ലഭിക്കുക. ആഭ്യന്തര ടൂറിസം വികസിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കോമോ തടാകത്തിലെ വായുവിൽ അടങ്ങിയിരിക്കുന്നവയെ കുറിച്ചും വെബ്സൈറ്റിൽ പറയുന്നുണ്ട്. അവയിതാ..
- നൈട്രജൻ: 78 ശതമാനം
- ഓക്സിജൻ: 21ശതമാനം
- ആർഗോൺ: 0.93 ശതമാനം
- കാർബൺ ഡൈ ഓക്സൈഡ്: 0.04 ശതമാനം
- നിയോൺ: 0.0018 ശതമാനം
- ഹീലിയം: 0.00052 ശതമാനം
- മീഥെയ്ൻ: 0.00017 ശതമാനം
- ക്രിപ്റ്റോൺ: 0.00011 ശതമാനം
- ഹൈഡ്രജൻ: 0.00005 ശതമാനം
- സെനോൺ: 0.000009 ശതമാനം
- ലേക്ക് കോമോ സീക്രട്ട് ഫോർമുല: 0.0000001 ശതമാനം
ഒരു വട്ടം തുറന്നാൽ പിന്നെ ക്യാൻ പെൻ ഹോൾഡറായോ ചെടിച്ചട്ടിയായോ ഒക്കെ ഉപയോഗിക്കാം.