ഡോണാൾഡ് ട്രംപ്.. കേവലമൊരു മുൻ പ്രസിഡന്റോ റിപ്പബ്ലിക്കൻ നേതാവോ അല്ല ഇനിയദ്ദേഹം. ലോകരാഷ്‌ട്രങ്ങളിലൊന്നായ അമേരിക്കയുടെ രാഷ്‌ട്രീയ ചരിത്രത്തിൽ തന്റെ പേര് സുവർണലിപികളാൽ എഴുതിച്ചേർത്ത നേതാവായിരിക്കുകയാണ് ട്രംപ്. അമേരിക്കയിൽ 127 വർഷത്തിന് ശേഷം ഇതാദ്യമായാണ്, ഒരിക്കൽ തോൽവിയറിഞ്ഞ പ്രസിഡന്റ് വീണ്ടും അധികാരത്തിലെത്തുന്നത്. ട്രംപിനെ പോലെ രാഷ്‌ട്രീയ തിരിച്ചുവരവ് നടത്തിയ മറ്റൊരു നേതാവ് അടുത്ത കാലത്തൊന്നും അമേരിക്കൻ മണ്ണിൽ പിറവിയെടുത്തിട്ടില്ലെന്ന് വേണം കരുതാൻ.
ട്രംപിന് മുൻപായി സമാനമായ നേട്ടം കരസ്ഥമാക്കിയത് ഗ്രോവർ ക്ലീവ് ലാൻഡ് ആയിരുന്നു. 132 വർഷം മുമ്പായിരുന്നു അദ്ദേഹം ഇതുപോലെ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. 1885 മുതൽ 1889 വരെയും 1893 മുതൽ 1897 വരെയും അമേരിക്കയുടെ പ്രസിഡൻ്റായിരുന്നു ഗ്രോവർ ക്ലീവ്‌ലാൻഡ്. യുഎസിന്റെ 22-ാമതും 24-ാമതും പ്രസിഡന്റായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ഗ്രോവറിന് ശേഷം ചെറിയ ഇടവേളയെടുത്ത് രണ്ടാമതും അധികാരത്തിൽ വരുന്ന രണ്ടാമത്തെ പ്രസിഡന്റായിരിക്കുകയാണ് ഡോണൾഡ് ട്രംപ്.
2016-ലായിരുന്നു ട്രംപ് ആദ്യമായി യുഎസ് പ്രസിഡൻ്റായത്. 2020 വരെ സേവനമനുഷ്ടിച്ച ട്രംപ് പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളോട് അടിയറവ് പറയുകയായിരുന്നു. ജോ ബൈഡനോട് തോറ്റതിനാൽ അധികാരം നിലനിർത്താൻ ട്രംപിനായില്ല. എന്നാൽ 4 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം അതിശക്തായ തിരിച്ചുവരവാണ് ഇപ്പോൾ ട്രംപ് നടത്തിയിരിക്കുന്നത്. കേവലഭൂരിപക്ഷവും കടന്ന് അമേരിക്കൻ സ്റ്റേറ്റുകളിൽ അതിഗംഭീര കുതിപ്പ് നേടിയിരിക്കുകയാണ് ട്രംപ്.
പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന ഖ്യാതിയും ട്രംപ് സ്വന്തമാക്കി. ഇപ്പോൾ 78 വയസാണ് ട്രംപിന്. മുൻ പ്രസിഡന്റായ ജോ ബൈഡൻ ഇതേപ്രായത്തിൽ തന്നെയായിരുന്നു പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. നവംബർ 20ന് ബൈഡന് 82 വയസാകും. ഏറ്റവും പ്രായമേറിയ സിറ്റിംഗ് പ്രസിഡന്റ് എന്ന നേട്ടം ബൈഡനാണ്.