ഇടുക്കി: നടൻ നിവിൻ പോളിക്കെതിരായ ലൈംഗികാരോപണത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് പരാതിക്കാരി. പൊലീസുമായുള്ള നിവിൻ പോളിയുടെ അടുത്ത ബന്ധമാണ് കേസിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് യുവതി ആരോപിച്ചു. ലൈംഗികാതിക്രമ കേസിൽ നിവിന് ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അവർ.
നിവിൻ പോളിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് ആദ്യം മുതൽ സ്വീകരിച്ചിരുന്നത്. കൃത്യമായ രീതിയിലല്ലായിരുന്നു കേസന്വേഷണം. സംഭവത്തിൽ കൃത്യമായ മൊഴിയെടുപ്പ് പോലും അന്വേഷണ സംഘം നടത്തിയില്ല. നിയമപരമായി മുന്നോട്ടുപോകും. തന്റെ പരാതിയിൽ ഉറച്ചു നിൽക്കുമെന്നും യുവതി പറഞ്ഞു.
ദുബായിൽ വച്ച് നിവിൻ പോളിയും സുഹൃത്തുക്കളും കൂട്ട ബലാത്സംഗം ചെയ്‌തെന്നായിരുന്നു യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. എന്നാൽ പീഡനം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന തീയതികളിൽ നിവിൻ പോളി ദുബായിലുണ്ടായിരുന്നില്ലെന്ന് പൊലീസ് കണ്ടെത്തി. യുവതിയുടെ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി നിവിൻ പോളിയും പരാതി നൽകിയിരുന്നു.
നടന്റെ പരാതിയിൽ കേസെടുത്ത പൊലീസ് യുവതിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയിരുന്നു. രണ്ട് മൊഴികളിലും വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് നൽകി. നിവിൻ പോളിക്കെതിരെ തെളിവില്ലെന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന് ക്ലീൻചിറ്റ് നൽകുകയായിരുന്നു. എന്നാൽ കേസിൽ ആരോപിക്കപ്പെട്ട മറ്റ് ആളുകൾക്കെതിരെ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.