വീണ്ടുമൊരു പ്രസിഡന്റ് തെരഞ്ഞെടുപ്പ് അമേരിക്കയിൽ നടന്നിരിക്കുന്നു. വനിതാ പ്രസിഡന്റിനെ സ്വന്തമാക്കാനുള്ള നിയോഗം ഇപ്പോഴും അമേരിക്കയ്‌ക്കായിട്ടില്ല. കമലാ ഹാരിസിനെ ആവശ്യമില്ലെന്നും ട്രംപ് തിരിച്ചുവരട്ടെയെന്നും അമേരിക്കൻ ജനത വിധിയെഴുതിക്കഴിഞ്ഞു. എന്തുകൊണ്ട് നമ്മൾ തോറ്റു? എന്ന ചോദ്യത്തിന് ഡെമോക്രാറ്റുകൾ ഉത്തരം തേടേണ്ട സമയമാണിത്. എന്തുകൊണ്ട് കമലയെ പ്രസിഡന്റാക്കാൻ ജനം തയ്യാറായില്ല, ഡെമോക്രാറ്റിക് പാർട്ടിക്ക് എവിടെയാണ് പിഴച്ചത്? ഭരണവിരുദ്ധവികാരം തിരിച്ചടിയായോ? ഒരു വനിതാ പ്രസിഡന്റിനെ സ്വീകരിക്കാൻ ഇനിയും അമേരിക്കൻ ജനത തയ്യാറല്ലെന്നാണോ? കമലാ ഹാരിസിന്റെ തോൽവിക്ക് ഇടയാക്കിയെന്ന് കരുതുന്ന 5 കാര്യങ്ങൾ നോക്കാം..
ഒന്ന്,
ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി കമലാ ഹാരിസിന്റെ നോമിനേഷൻ വരുന്നത് അൽപം വൈകിയാണ്. നിലവിലെ പ്രസിഡന്റ് ബൈഡനെ തന്നെയായിരുന്നു ഡെമോക്രാറ്റുകൾ ആദ്യം ഉയർത്തിക്കാട്ടിയത്. ബൈഡന്റെ നാക്കുപിഴകളും അസ്വാഭാവികത നിറഞ്ഞ പെരുമാറ്റവും ഡിബേറ്റുകളിൽ പിന്നാക്കം പോയതുമെല്ലാം കമലാ ഹാരിസിലേക്ക് വഴിതെളിച്ചു. സാധാരണരീതിയിൽ പ്രസിഡന്റ് സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുന്നത് പാർട്ടിക്കുള്ളിലെ ജനാധിപത്യ പ്രക്രിയയിലൂടെയാണ്. എന്നാൽ കമല എത്തിയത് നോമിനിയായി ബൈഡൻ പ്രഖ്യാപിച്ചതോടെ ആയിരുന്നു. അവർ പാർട്ടിയിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായിരുന്നില്ലെന്നതാണ് മറ്റൊരു വാസ്തവം. ഏറ്റവും ജനപ്രീതി നേടിയ വൈസ് പ്രസിഡൻ്റാണെന്ന അഭിപ്രായവും അമേരിക്കൻ ജനതയ്‌ക്കുണ്ടായിരുന്നില്ല.
രണ്ട്,
ജോ ബൈഡൻ ഭരണകൂടത്തിനെതിരെ കനത്ത വിമർശനം ഉയർന്നപ്പോഴും സർക്കാരിനൊപ്പം ചേർന്നുനിന്നവളാണ് കമല ഹാരിസ്. അമേരിക്കയിലെ അഭിപ്രായ സർവേകൾ പ്രകാരം ബൈഡന് വെറും 15 ശതമാനം മാത്രമായിരുന്നു അപ്രൂവൽ റേറ്റിംഗ് ലഭിച്ചിരുന്നത്. 36 ശതമാനം പേരും അമേരിക്കയുടെ പോക്ക് തെറ്റായ ദിശയിലാണെന്ന് വിശ്വസിച്ചവരായിരുന്നു.
മൂന്ന്,
അനധികൃത കുടിയേറ്റത്തെ ചെറുക്കുന്നതിൽ ബൈഡൻ ഭരണകൂടം പരാജയപ്പെട്ടെന്നും അതിർത്തിയിലൂടെ നുഴഞ്ഞുകയറുന്നവരെ കൈകാര്യം ചെയ്യുന്നതിൽ കമലാ ഹാരിസ് കഴിവുകെട്ടവളാണെന്നും (“failed border tsar”) ട്രംപ് ആരോപിച്ചിരുന്നു. ഈ വിമർശനങ്ങളെ അതിജീവിക്കാൻ നിലപാടുകൾ കൊണ്ടോ പ്രവൃത്തി കൊണ്ടോ കമലയ്‌ക്ക് കഴിഞ്ഞിരുന്നില്ല.
നാല്,
പരമ്പരാഗത ഡെമോക്രാറ്റ് വോട്ടർമാരായ ആഫ്രിക്കൻ അമേരിക്കൻ പുരുഷന്മാരെ പോലെയുള്ളവരെ ആകർഷിക്കാൻ കമലാ ഹാരിസിന് കഴിഞ്ഞില്ല. അതുപോലെ അറബ് അമേരിക്കൻ ജനതയേയും ബോധ്യപ്പെടുത്തുന്നതിൽ കമല പരാജയപ്പെട്ടു. പ്രത്യേകിച്ച് മിഷിഗണിൽ. അവിടെ പാലസ്തീനികൾക്ക് ആശ്വാസം പകരാൻ എന്നവിധത്തിൽ എത്തി ചില പ്രചാരണങ്ങളിൽ പങ്കെടുത്ത കമല, പെൻസിൽവാനിയയിൽ ഇസ്രായേലിനെ പിന്തുണച്ചും രംഗത്തെത്തിയിരുന്നു. ഈ ഇരട്ടത്താപ്പ് ജനങ്ങളെ ചിന്തിപ്പിച്ചു.
അഞ്ച്,
ട്രംപ് ജയിച്ചാൽ ജനാധിപത്യം തകരുമെന്ന തരത്തിൽ ഡെമോക്രാറ്റുകൾ നടത്തിയ വിവരണങ്ങളിൽ വോട്ടർമാർ ആകർഷിക്കപ്പെട്ടില്ല.
എല്ലാതിനുമുപരിയായി ഒരു സ്ത്രീയെ അമേരിക്കൻ പ്രസിഡന്റായി സ്വീകരിക്കാൻ ഇതുവരെയും യുഎസ് തയ്യാറായിട്ടില്ലെന്ന് വേണം കരുതാൻ. ലോകത്തെ ഏറ്റവും ശക്തമായ സൈന്യങ്ങളിലൊന്ന് അമേരിക്കയുടേതാണ്. അതിന്റെ കമാൻഡർ ഇൻ ചീഫായി കമലയെ കാണാൻ യുഎസ് ജനത തയ്യാറായില്ല. പ്രസിഡന്റ് സ്ഥാനം കൂടാതെ സഭയും സെനറ്റും നഷ്ടപ്പെട്ട ഡെമോക്രാറ്റുകൾ 2024ലെ തെരഞ്ഞെടുപ്പ് തോൽവിയിൽ നിന്ന് ആഴത്തിൽ പഠനം നടത്തുകതന്നെ വേണ്ടിവരും.