ചെന്നൈ: അപൂർവമായ മനുഷ്യ-മൃഗ ബന്ധങ്ങളും അവരുടെ കണ്ണീരണിയിക്കുന്ന വേർപിരിയലുമെല്ലാം നമ്മൾ കാണാറുണ്ട്. അത്തരത്തിലൊരു മൃഗസ്നേഹിയായ മൃഗഡോക്ടറുടെ അപേക്ഷയാണ് മദ്രാസ് ഹൈക്കോടതിയുടെയും മനസ്സലിയിച്ചത്. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലുള്ള വള്ളിയപ്പനാണ് തന്റെ പ്രിയപ്പെട്ട കുരങ്ങിനുവേണ്ടി കോടതിയിലെത്തിയത്.
കഴിഞ്ഞ ഡിസംബറിൽ റാണിപേട്ട് ജില്ലയിൽ നടന്ന നായകളുടെ വന്ധ്യംകരണ ക്യാമ്പിനായി എത്തിയതായിരുന്നു വള്ളിയപ്പൻ. ഇവിടെ വച്ചാണ് ഡോക്ടർ കുരങ്ങനെ കണ്ടുമുട്ടുന്നത്. രണ്ട് മാസം പ്രായമുള്ള കുരങ്ങനെ നായ കടിച്ച് എലിപ്പനിയുടെ ലക്ഷണങ്ങളോടെ ഫോറസ്റ്റ് ഗാർഡാണ് ഇവിടേക്ക് കൊണ്ടുവന്നത്. 200 ഗ്രാം മാത്രം ഭാരമുള്ള കുരങ്ങിനെ വള്ളിയപ്പൻ ചികിത്സിക്കുകയും കഴിഞ്ഞ 10 മാസമായി മൃഗത്തെ തന്റെ സ്വകാര്യ പരിചരണത്തിൽ സൂക്ഷിക്കുകയും ചെയ്തു. ഈ കാലയളവിലുടനീളം, തീറ്റയ്‌ക്കും ഉറക്കത്തിനും മറ്റെല്ലാ കാര്യങ്ങൾക്കും കുരങ്ങന്റെ ഏക ആശ്രയം വള്ളിയപ്പനായിരുന്നു.
എന്നാൽ, 10 ദിവസം മുമ്പ് വനംവകുപ്പ് ഉദ്യോഗസ്ഥർ കുരങ്ങിനെ ഇയാളിൽ നിന്ന് പിടികൂടി ചെന്നൈയിലെ അരിജ്ഞർ അണ്ണാ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റി. താനുമായുള്ള അകൽച്ച കുരങ്ങനെ ബാധിക്കുമെന്നും ശാരീരിക അവസ്ഥ മോശമാകുമെന്നും ഭയന്ന് വള്ളിയപ്പൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. കുരങ്ങനെ പരിപാലിക്കാൻ തനിക്ക് തിരികെ നൽകണമെന്ന് അദ്ദേഹം കോടതിയിൽ ആവശ്യപ്പെട്ടു. കുരങ്ങന്റെ ആരോഗ്യ പുരോഗതിയെക്കുറിച്ച് ഇടയ്‌ക്കിടെ റിപ്പോർട്ട് നൽകാമെന്നും ആവശ്യമെങ്കിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു.
മനുഷ്യ-മൃഗ ബന്ധം വളരെ വൈകാരികമായ ഒന്നാണെന്ന് നിരീക്ഷിച്ച കോടതി കുരങ്ങനെ പാർപ്പിച്ചിരിക്കുന്ന മൃഗശാലയിൽ പോകാനും ഇടപഴകാനും വള്ളിയപ്പനെ അനുവദിച്ചു. ഇത് നിരീക്ഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് തുടർനടപടികൾ എടുക്കുമെന്നും കോടതി വ്യക്തമാക്കി.