മൈസൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച മൈസൂരു ലോകായുക്തയ്‌ക്ക് മുന്നിൽ ഹാജരായി.നാലര പതിറ്റാണ്ട് നീണ്ട രാഷ്‌ട്രീയത്തിൽ ഇതാദ്യമായാണ് സിദ്ധരാമയ്യ വിചാരണ നേരിടുന്നത്.
മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയുടെ (മുഡ) പദ്ധതി പ്രകാരം ഭാര്യ പാർവതി സിദ്ധരാമയ്യക്ക് സ്ഥലം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് അദ്ദേഹം ഹാജരായത്.
സിദ്ദരാമയ്യയുടെ ഭാര്യ പാർവതിക്ക് വിജയനഗറിലെ 14 പ്ലോട്ടുകൾ അനുവദിച്ചതിലെ അപാകതയെ സംബന്ധിച്ച് 20 പോയിൻ്റുള്ള ചോദ്യങ്ങൾ തയ്യാറാക്കിയതായി ലോകായുക്ത വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഈ പ്ലോട്ടുകൾ സിദ്ധരാമയ്യയുടെ ഔദ്യോഗിക സ്ഥാനം ഉപയോഗിച്ചുള്ള ശുപാർശ പ്രകാരം ലഭിച്ചതാണോ എന്ന കാര്യത്തിലായിരുന്നു പരിശോധന.
മുഡ കമ്മീഷണറുമായി നേരിട്ട് എന്തെങ്കിലും ബന്ധമുണ്ടോയെന്നും ഭാര്യയ്‌ക്ക് പ്ലോട്ടുകൾ ലഭിച്ചതിനെ സംബന്ധിച്ച് അദ്ദേഹത്തിന് അറിവുണ്ടോയെന്നും സിദ്ധരാമയ്യയോട് ചോദിച്ചു എന്നാണ് റിപ്പോർട്ട്.
“ലോകായുക്ത ഉദ്യോഗസ്ഥർ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ഞാൻ മറുപടി നൽകി. അവർ എന്റെ ഉത്തരങ്ങൾ രേഖപ്പെടുത്തി. വീണ്ടും ചോദ്യം ചെയ്യാൻ വരാൻ പറഞ്ഞിട്ടില്ല”, രണ്ട് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.
മുഡ അഴിമതി സംബന്ധിച്ച് ആക്ടിവിസ്റ്റ് സ്‌നേഹമയി കൃഷ്ണ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക കോടതി ഉത്തരവിനെ തുടർന്നാണ് ലോകായുക്ത അന്വേഷണം ആരംഭിച്ചത്.