ധാക്ക: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്ക് നേരെ ആക്രമണം അഴിച്ചുവിട്ട് സുരക്ഷാ ഉദ്യോഗസ്ഥർ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെതിരെ പ്രതിഷേധിച്ചവരെയാണ് സൈനിക ഉദ്യോഗസ്ഥർ തല്ലിച്ചതച്ചത്. തീവ്ര ഇസ്ലാമിക സംഘടനയായ ജമാഅത്ത് ഇ ഇസ്ലാമി അംഗമായ ഉസ്മാൻ അലി ഹിന്ദു മതത്തിനെതിരെയും ഇസ്‌കോണിനെതിരെയും സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച അധിക്ഷേപ പരാമർശമാണ് പ്രശ്‌നങ്ങൾക്ക് തുടക്കമിട്ടത്.
ഹിന്ദുക്കളെ അങ്ങേയറ്റം അധിക്ഷേപിച്ചും, മോശമായി ചിത്രീകരിക്കുന്നതുമായ പോസ്റ്റിനെതിരെ ഹിന്ദുക്കൾ വലിയ രീതിയിൽ പ്രതിഷേധം ഉയർത്തിയിരുന്നു. പോസ്റ്റിൽ പറയുന്ന കാര്യങ്ങളിൽ എതിർപ്പ് അറിയിച്ച് കൊണ്ട് ഹിന്ദുക്കൾ ഉസ്മാൻ അലിയുടെ കടയ്‌ക്ക് മുന്നിലെത്തിയതോടെ മുസ്ലീങ്ങളും പ്രദേശത്തേക്ക് സംഘടിച്ച് എത്തുകയായിരുന്നു. പിന്നാലെ ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു.
ക്രമസമാധാനം പുന:സ്ഥാപിക്കുന്നതിന് വേണ്ടി ബംഗ്ലാദേശ് സൈന്യത്തെ നിയോഗിച്ചതോടെ സ്ഥിതിഗതികൾ കൂടുതൽ വഷളാവുകയായിരുന്നു. സുരക്ഷാ സേന ഹി്ന്ദുക്കളെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് വിവിധ സംഘടനാ നേതാക്കൾ ആരോപിച്ചു. രണ്ട് സമുദായങ്ങളിൽ നിന്നുള്ള ആളുകളും പ്രദേശത്ത് ഉണ്ടായിരുന്നുവെങ്കിലും സുരക്ഷാ സേന അങ്ങേയറ്റം വിവേചനത്തോടെ ഹിന്ദുക്കളെ മാത്രം ലക്ഷ്യമിടുകയായിരുന്നുവെന്നും ഇവർ ആരോപിച്ചു. പ്രതിഷേധിച്ചവരെ സൈന്യം ബാറ്റൺ ഉപയോഗിച്ച് അടിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്ത് വന്നിട്ടുണ്ട്. ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തു.
ഹിന്ദുക്കൾ കൂടുതലായി താമസിക്കുന്ന ഹസാരി ഗലി ഇപ്പോൾ കനത്ത നിരീക്ഷണത്തിലാണ്. പ്രദേശത്ത് താമസിക്കുന്നവർക്ക് വീടുകൾക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയുന്നില്ലെന്നും, പൊലീസ് വീടുകൾ തോറും കയറിയിറങ്ങി പരിശോധന നടത്തുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ വലിയ രീതിയിൽ ആക്രമിക്കപ്പെടുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ സംഭവവും ഉണ്ടായിരിക്കുന്നത്. അതേസമയം ആക്രമണങ്ങൾ അപലപനീയമാണെന്നും, ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സമുദായ നേതാക്കളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനസ് അറിയിച്ചു.