ഒന്റാറിയോ: ഡോണൾഡ് ട്രംപിന്റെ വിജയത്തിൽ ഖാലിസ്ഥാൻ വാദികൾക്ക് ആശങ്ക. വിജയം ഭയപ്പെടുത്തുന്നുവെന്ന് കാനഡയിലെ ഖാലിസ്ഥാൻ നേതാവ് ജഗ്‍മീത് സിംഗ്. ന്യൂ ഡെമോക്രാറ്റിക് പാർട്ടി പ്രധാനനേതാവാണ് ജഗ്മീത് സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ട്രംപിന്റെ സൗഹൃദവും ഖാലിസ്ഥാൻ ഭയപ്പെടുന്നു.
ഭീകരവിരുദ്ധ നീക്കങ്ങളിൽ ഉറച്ച നിലപാട് സ്വീകരിച്ച ചരിത്രമാണ് ട്രംപിന്റേത്. കാനഡയിലെ ഖാലിസ്ഥാൻ വിഘടനവാദത്തെ രൂക്ഷമായി അദ്ദേഹം വിമർശിക്കുകയും ചെയ്യാറുണ്ട്. ഭാരതവുമായി മികച്ച ബന്ധം ട്രംപ് തുടരുമെന്ന ബോധ്യവും ഖാലിസ്ഥാനുണ്ട്. ഈ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപ് കരസ്ഥമാക്കിയ വിജയം ആശങ്കപ്പെടുത്തുന്നതാണെന്ന് ജഗ്മീത് സിംഗ് തുറന്നുപറഞ്ഞത്.
ഖാലിസ്ഥാൻ പിന്തുണയോടെ കാനഡയിൽ പ്രവർത്തിക്കുന്ന ന്യൂ ഡെമോക്രാറ്റിക് പാർട്ടി
മാസങ്ങൾക്ക് മുമ്പ് വരെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്‌ക്ക് പിന്തുണ നൽകിയിരുന്നു. എന്നാൽ ചില അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ ട്രൂഡോ സർക്കാരിന് നൽകിയ പിന്തുണ പിൻവലിച്ചു.
ഇന്ത്യ-കാനഡ ബന്ധം വഷളായതും കനേഡിയൻ സർക്കാർ ഖാലിസ്ഥാന് നൽകുന്ന പിന്തുണയുടെ പേരിലാണ്. ഇന്ത്യയുമായി മികച്ച ബന്ധം പുലർത്തുമെന്ന ട്രംപിന്റെ നിലപാടും, ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള നിശ്ചയദാർഢ്യവും ഖാലിസ്ഥാനികളെ ഒരുപോലെ ഭയപ്പെടുത്തുന്നുണ്ടെന്നാണ് വിലയിരുത്തൽ.