എറണാകുളം: വിനോദമേഖലയിലെ നിയമനിർമാണത്തിൽ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി. അഡ്വ. മിത സുധീന്ദ്രനെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. നിയമനിർമാണ നിർദേശങ്ങൾ അമിക്കസ് ക്യൂറി ക്രോഡീകരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ച് കേസുകളിൽ മുന്നോട്ട് പോകാൻ താത്പര്യമില്ലെന്ന് മൊഴി നൽകിയവർ അറിയിച്ചതായി സർക്കാർ കോടതിയിൽ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് 26 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ മൂന്ന് കേസുകളുടെ വിവരങ്ങൾ ശേഖരിച്ചുവെങ്കിലും അതിൽ പറയുന്നവർ തങ്ങളല്ലെന്നാണ് മൊഴി നൽകിയവർ പറയുന്നത്. WCC ഒരു കരട് നിയമരേഖ തയാറാക്കിയെന്ന് അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതുൾപ്പെടെ പരിഗണിച്ചുകൊണ്ട് മുന്നോട്ട് പോകുമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ ഈ വർഷം പൂർത്തിയാക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസുകളുമായി സർക്കാരിന് നിയമാനുസൃതമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി അറിയിച്ചു.
കേസുമായി മുന്നോട്ട് പോകാൻ താത്പര്യമില്ലാത്തവരെ നിർബന്ധിക്കരുതെന്നും അതിജീവിതകളുടെ പേര് ഒരു കാരണവശാലും പുറത്തുപോകരുതെന്നും അന്വേഷണ സംഘത്തോട് ഹൈക്കോടതി നിർദേശിച്ചു.