എറണാകുളം: അങ്കമാലി അർബൻ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ രണ്ട് പേരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. സഹകരണ സംഘത്തിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായ ടി. പി ജോർജ് കാലടി, സെബാസ്റ്റ്യൻ എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി റോയ് വർഗീസ് പറഞ്ഞു. മുൻ ഭരണസമിതിയിലെ ചില അംഗങ്ങൾ ഒളിവിലാണ്. വായ്പ തട്ടിപ്പിൽ ക്രമക്കേടും അഴിമതിയും കണ്ടെത്തിയതിനെ തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഭരണസമിതി അംഗങ്ങൾ സഹകരണ സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതായും അനധികൃതമായി വായ്പകൾ നൽകിയെന്നുമാണ് കണ്ടെത്തൽ. ഭരണസമിതി പ്രസിഡന്റായിരുന്ന പരേതനായ പി ടി പോളിനും മറ്റ് ഭരണസമിതി അംഗങ്ങൾക്കെതിരെയുമാണ് ആരോപണം ഉയരുന്നത്.
സഹകരണ നിയമം 32(1) പ്രകാരം നിലവിലുള്ള ഭരണസമിതിയെ പിരിച്ചുവിടണമെന്ന് എറണാകുളം ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ജനറൽ അറിയിച്ചു. പുതിയ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ നിയമിക്കണമെന്നും ജോയിന്റ് രജിസ്ട്രാർ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.