കൊച്ചി ; താരസംഘടന ‘അമ്മ’യുടെ തലപ്പത്തേക്ക് ഇനിയില്ലെന്നു നടൻ മോഹൻലാൽ. ഇനി ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന തീരുമാനം മോഹൻലാൽ സഹപ്രവർത്തകരെ അറിയിച്ചതായാണ് റിപ്പോർട്ടുകൾ. റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം അമ്മയിലേക്കു മാത്രമായി വിമർശനങ്ങൾ കേന്ദ്രീകരിച്ചതിലുള്ള എതിർപ്പ് മോഹൻലാൽ നേരത്തെ തന്നെ തുറന്നു പറഞ്ഞിരുന്നു.
മോഹൻലാൽ പ്രസിഡന്റും സിദ്ദിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടന ഹേമ കമ്മിറ്റി റിപ്പോർട്ടിനു പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തിരഞ്ഞെടുപ്പുവരെ അഡ്ഹോക് കമ്മിറ്റിയായി പ്രവർത്തിച്ചു വരികയാണ്.
ഇത്തവണ അധികാരത്തിലേക്കില്ലെന്ന് മോഹൻലാൽ പറഞ്ഞിരുന്നു. എന്നാൽ ഇടവേള ബാബു ഭാരവാഹിത്വത്തിൽനിന്ന് ഒഴിയുന്ന സാഹചര്യത്തിൽ മോഹൻലാൽ കൂടി മാറുന്നതു സംഘടനയുടെ പ്രവർത്തനത്തെ ബാധിക്കും എന്നതിനാൽ സഹപ്രവർത്തകരുടെ നിർബന്ധത്തെ തുടർന്നാണ് അദ്ദേഹം അധ്യക്ഷ സ്ഥാനത്ത് തുടരാൻ തീരുമാനിച്ചത്. മത്സരമുണ്ടാകുമെങ്കില്‍ താൻ ആ പദവിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.















