കണ്ണൂർ: ഹമാസിനെ ഭീകരരെന്ന് വിളിക്കാനുള്ള ആർജവം കാണിച്ച സിപിഎം നേതാക്കളെല്ലാം ഒന്നുകിൽ പ്രസ്താവന പിൻവലിക്കുകയോ, ഫെയ്സ്ബുക്ക് കുറിപ്പാണെങ്കിൽ അത് മുക്കുകയോ ചെയ്ത ചരിത്രമാണുള്ളത്. പാലസ്തീന്റെ അതിജീവിനത്തിനായി പോരാടുന്ന പടയെന്നും വിമോചനപോരാളികളെന്നും ഹമാസിനെ വിശേഷിപ്പിക്കാൻ താത്പര്യപ്പെടുന്നവരാണ് പൊതുവെ മാർക്സിസ്റ്റുകാർ. മതപ്രീണനത്തിന്റെ ഭാഗമായി ഉയർത്തിപ്പിടിക്കുന്ന ഈ നിലപാടിൽ നിന്ന് വ്യത്യസ്തമായി ഹമാസ് വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.
ഹമാസ് ഭീകരവാദ പ്രസ്ഥാനമാണെന്ന് തുറന്നടിക്കാൻ എംവി ജയരാജൻ മടികാണിച്ചില്ല. ഇസ്രായേലിന്റെ യുദ്ധമുറകളോട് അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് തന്നെയായിരുന്നു ഹമാസ് ഭീകരരാണെന്ന് ജയരാജൻ പറഞ്ഞത്. സിപിഎം പെരിങ്ങോം ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഹമാസ് ഭീകരസംഘടനയാണ്, എന്നാൽ ഹമാസിനെ ഇല്ലാതാക്കാനെന്ന പേരിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണം നീതീകരിക്കാനാവില്ലെന്നും ജയരാജൻ ചൂണ്ടിക്കാട്ടി. ഇത്തരം ആക്രമണങ്ങളിൽ ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമാണ് മരിക്കുന്നത്. സിപിഎം എതിർക്കുന്നത് ഇതാണ്. യുദ്ധത്തിനിടെ ആയുധങ്ങൾ വിറ്റ് ലാഭമുണ്ടാക്കാനുള്ള ശ്രമമാണ് ഇതിനിടെ അമേരിക്ക നടത്തുന്നതെന്നും ജയരാജൻ പറഞ്ഞു.