ബെംഗളൂരു: സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ നിന്ന് സ്ത്രീകളെ തടയാൻ പുരുഷാധിപത്യത്തിന് കഴിയില്ലെന്ന് നിർമലാ സീതാരാമൻ. ആഗ്രഹിച്ചതെല്ലാം നേടിയെടുക്കുന്നതിൽ സ്ത്രീകൾക്ക് വിലങ്ങിടാൻ പുരുഷാധിപത്യത്തിന് കഴിയുമായിരുന്നുവെങ്കിൽ ഇന്ദിരാ ഗാന്ധി എങ്ങനെ പ്രധാനമന്ത്രിയായെന്ന് കേന്ദ്ര ധനമന്ത്രി ചോദിച്ചു.
ബെംഗളൂരുവിലെ സിഎംഎസ് ബിസിനസ് സ്കൂളിലെ വിദ്യാർത്ഥികളോട് സംവദിക്കുന്നതിനിടെയാണ് നിർമലാ സീതാരാമന്റെ വാക്കുകൾ. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് വിദ്യാർത്ഥികളിൽ നിന്ന് ചോദ്യമുയർന്നപ്പോൾ അതിന് മറുപടി പറയുന്നതിനിടെയാണ് ധനമന്ത്രി പുരുഷാധിപത്യത്തെക്കുറിച്ചും ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായതിനെക്കുറിച്ചും ഓർമിപ്പിച്ചത്.
അതിഗംഭീര പദപ്രയോഗങ്ങൾ കേൾക്കുമ്പോൾ അതിൽ അകപ്പെട്ട് പോകരുത്. നിങ്ങൾ നിങ്ങൾക്കുവേണ്ടി എഴുന്നേറ്റ് നിന്ന് യുക്തിസഹമായി സംസാരിക്കുകയാണെങ്കിൽ സ്വപ്നങ്ങളെ കീഴടക്കാനുള്ള നിങ്ങളുടെ പ്രയാണത്തിൽ നിന്ന് നിങ്ങളെ തടഞ്ഞുവെക്കാൻ പുരുഷാധിപത്യത്തിന് സാധിക്കില്ല. – വിദ്യാർത്ഥികൾക്കിടയിലെ പെൺകുട്ടികളോടായി നിർമലാ സീതാരാമൻ പറഞ്ഞു. എന്നിരുന്നാലും സ്ത്രീകൾക്ക് വേണ്ടത്ര സൗകര്യങ്ങൾ നേരത്തെ ലഭിച്ചിരുന്നില്ലെന്നും ഇനിയും പല മേഖലകളിലും സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ ലഭിക്കാനുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.