ശ്രീനഗർ: ജമ്മുകശ്മീരിലെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന. ബാരാമുള്ള ജില്ലയിലെ സോപോറിലെ രാജ്പുരയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടന്ന തെരച്ചിലിനിടെയായിരുന്നു ഏറ്റുമുട്ടൽ.
ചിനാർ കോർപ്പിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ഒരു ഭീകരൻ കൊല്ലപ്പെട്ട വിവരം സൈന്യം പുറത്തുവിട്ടത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും ചിനാർ കോർപ്പ് വ്യക്തമാക്കി.
രാജ്പുര, സോപോർ, ബാരാമുള്ള എന്നിവിടങ്ങളിലാണ് സേനയുടെ പ്രത്യേക ഓപ്പറേഷൻ നടന്നത്. കശ്മീർ പൊലീസും സുരക്ഷാ സേനയും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. ഇതിനിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.