ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് പ്രഭാതഭക്ഷണം. ഒരു ദിവസത്തെ ഉന്മേഷവും ആരോഗ്യവുമെല്ലാം തരുന്നതിൽ പ്രഭാതഭക്ഷണത്തിന്റെ പങ്ക് വളരെ വലുതാണ്. പ്രഭാതഭക്ഷണം ഒഴിവാക്കിയാൽ അത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തന്നെ സാരമായി ബാധിക്കും. പോഷകഘടകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഉത്തമം.
പ്രഭാതഭക്ഷണം എന്ത് വേണമെന്ന് ആലോചിക്കുന്നവർക്കായി വളരെ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് പരിചയപ്പെടുത്താം. അടുക്കളയിൽ എപ്പോഴുമുണ്ടാകുന്ന സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ വിഭവം അനായാസം തയാറാക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
എണ്ണ -ആവശ്യത്തിന്
സവാള- 2 എണ്ണം
തക്കാളി- 3 എണ്ണം
കുരുമുളക്- അര ടീസ്പൂൺ
മുളകുപൊടി- 1 ടീസ്പൂൺ
മസാല- അര ടീസ്പൂൺ
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ
ഗോതമ്പ് മാവ്- രണ്ട് കപ്പ്
മുട്ട- 2 എണ്ണം
തയാറാക്കുന്ന വിധം
ആദ്യം ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായി ചൂടാക്കുക. എണ്ണ ചൂടായി വരുമ്പോൾ സവാള ചെറുതായി അരിഞ്ഞ് വച്ചിരിക്കന്നത് ചേർത്ത് വഴട്ടിയെടുക്കണം. പെട്ടെന്ന് വഴണ്ടുവരുന്നതിനായി ഉപ്പ് ചേർത്ത് കൊടുക്കാവുന്നതാണ്. സവാള വഴണ്ടുവരുമ്പോൾ തക്കാളിയും മഞ്ഞൾപ്പൊടി, മസാലപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി ഇളക്കുക. ഇതിന് ശേഷം ഇതിലേക്ക് രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഇത് നന്നായി ഇളക്കിയെടുക്കണം. ചൂടായി വരുമ്പോൾ തീ ഓഫാക്കി മാറ്റിവയ്‌ക്കുക.
മറ്റൊരു പാത്രത്തിലേക്ക് ഗോതമ്പ് മാവ് വെള്ളമൊഴിച്ച് നന്നായി കുഴച്ചെടുക്കുക. ഇത് ചെറിയ ഉരുളകളാക്കി പരത്തി എടുക്കണം. ഇതിലേക്ക് നേരത്തെ തയാറാക്കി വച്ചിരിക്കുന്ന മിക്സ് വച്ചുകൊടുക്കുക. അതിന് മുകളിലേക്ക് പരത്തിവച്ചിരിക്കുന്ന മറ്റൊരു ചപ്പാത്തിയും വച്ച് ചേർത്ത് പ്രസ് ചെയ്ത് കൊടുക്കണം. ഇത് ചെറിയ പാത്രം വച്ച് കട്ട് ചെയ്ത് എടുക്കുക. ഇങ്ങനെ എടുത്തുവച്ചിരിക്കുന്നത് എണ്ണയിൽ വറുത്തെടുക്കാവുന്നതാണ്. അധികം സമയമെടുക്കാതെ പെട്ടെന്ന് തന്നെ ഈ വെറൈറ്റി ഐറ്റം തയാറാക്കാം.