ജർമനിയിലെ തിരക്കേറിയൊരു മാർക്കറ്റ്. അവിടെ പഴകിയ സാധനങ്ങൾ വിൽക്കുന്നൊരു സ്ഥാപനം. ജർമൻ പൗരന് അവിടെ നിന്നും ലഭിച്ച മഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇൻ്റർനെറ്റ് ലോകത്ത് പറന്നുനടക്കുന്നത്. കാരണമെന്തന്നല്ലേ?
നൂറ്റാണ്ടുകൾ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയിൽ എഴുതിയ പഞ്ചാംഗത്തിന്റെ പേജുകളാണ് ജർമൻ പൗരന് ലഭിച്ചത്. ഹാംബർഗിലെ മാർക്കറ്റിൽ നിന്നാണ് ഇത് ലഭിച്ചത്. ഇവ ലഭിച്ചതിന് പിന്നാലെ അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അത് റെഡ്ഡിറ്റിൽ പങ്കുവയ്‌ക്കുകയായിരുന്നു. ഹിന്ദിയോ സംസ്കൃതമോ ആണെന്ന് മനസിലാക്കിയ അയാൾ ഇന്ത്യൻ ഉപയോക്താക്കളുടെ സഹായം തേടി.
വരാണാസിയിൽ അച്ചടിച്ച പഞ്ചാംഗത്തിന്റെ ഭാഗമാണതെന്ന് ഉപയോക്താക്കളിലധികം പേരും പറഞ്ഞു. 150-നും 180-നും വർഷത്തിനിടയിൽ പഴക്കമുള്ളതാണിതെന്നും അച്ചടിച്ചത് ഭാർഗവ പ്രസിലാണെന്നും സോഷ്യൽ മീഡിയ പറയുന്നു. പണ്ഡിറ്റ് നവൽ കിഷോർ ഭാർഗവയാണ് ഈ പ്രസിന്റെ ഉടമയെന്നും മിർസ ഖലിബ് എന്ന സിനിമയിൽ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടെന്നും പറയുന്നു.
അഞ്ച് തലമുറയ്ക്ക് മുൻപുള്ള ആളാണ് പണ്ഡിറ്റ് നവൽ ഭാർഗവയെന്നും അദ്ദേഹത്തിന്റെ പിൻഗാമികൾ ഇപ്പോഴും ലക്നൗവിലുണ്ടെന്നും പറയുന്നു. ഇന്ത്യൻ അവശേഷിപ്പുകൾ കാലങ്ങൾക്ക് മുൻപെ കടൽ കടന്നെത്തിയിരുന്നു എന്നതിന്റെ തെളിവാണ് പഞ്ചാംഗം. ഇന്ത്യയുടെ ശേഷിപ്പുകളെ ഇന്നും ഓരോരുത്തരും കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമത്തിലെ പ്രതികരണങ്ങൾ.