മുംബൈ: മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടക്കുന്ന റാലികളിൽ രാഹുൽ ഗാന്ധി ബിജെപിക്കെതിരെ തുടർച്ചയായി നടത്തുന്ന നുണ പ്രചരണങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി ബിജെപി. സംസ്ഥാനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചുവെന്നും, ബിജെപി ഭരണഘടനയെ തകർക്കാൻ ശ്രമിക്കുകയാണെന്ന് രാഹുൽ നുണ പ്രചരണം നടത്തുകയാണെന്നും ബിജെപിയുടെ പരാതിയിൽ പറയുന്നു. നവംബർ ആറിന് മഹാരാഷ്‌ട്രയിൽ രാഹുൽ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടിയാണ് കേന്ദ്രമന്ത്രി അർജുൻ റാം മേഘ്വാളിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം തെരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ പരാതി നൽകിയത്.
” രാഹുൽ മഹാരാഷ്‌ട്ര തെരഞ്ഞെടുപ്പിൽ വീണ്ടും നുണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനങ്ങൾക്കിടയിൽ സ്പർദ്ധ ഉണ്ടാക്കാനാണ് രാഹുലിന്റെ ശ്രമം. ഭരണഘടന ഉയർത്തിക്കാട്ടി, ബിജെപി ഭരണഘടനയെ തകർക്കാൻ പോവുകയാണെന്ന് വീണ്ടും വീണ്ടും നുണ പറയുന്നു. ഇത് തെറ്റായ പ്രവണതയാണ്. രാഹുൽ ഇത്തരത്തിൽ നുണ പറയുന്നത് പതിവാക്കിയിരിക്കുകയാണ്. പലതവണ മുന്നറിയിപ്പുകൾ നൽകിയിട്ടും രാഹുൽ ഇതിൽ നിന്ന് പിന്മാറാൻ തയ്യാറായിട്ടില്ലെന്നും, ഭാരതീയ ന്യായ് സൻഹിത സെക്ഷൻ 353 പ്രകാരം രാഹുലിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതായി” അർജുൻ റാം മേഘ്വാൾ വ്യക്തമാക്കി.
” ഭരണഘടനയെ തകർക്കാൻ ബിജെപിയും ആർഎസ്എസും ശ്രമിക്കുകയാണെന്നാണ് മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് റാലിയിൽ രാഹുൽ പറയുന്നത്. മഹാരാഷ്‌ട്രയിൽ വരേണ്ട ആപ്പിൾ ഐഫോൺ നിർമാണ കമ്പനിയും, ബോയിംഗ് വിമാന കമ്പനിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടു പോയി എന്നാണ് രാഹുൽ പറയുന്നത്. മഹാരാഷ്‌ട്രയിലെ യുവാക്കളോട് രാഹുൽ നുണ പറയുകയാണ്. രാജ്യത്തിന്റെ ഐക്യത്തിന്റെ അഖണ്ഡതയ്‌ക്കും ഐക്യത്തിനും വലിയ വെല്ലുവിളിയാണിത്. അസത്യങ്ങളും നുണകളും മാത്രം നിറഞ്ഞ പ്രസംഗങ്ങളാണ് രാഹുൽ നടത്തുന്നത്. വലിയ അപകടമാണിത്. സംസ്ഥാനങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും വളർത്തുക എന്ന ലക്ഷ്യത്തിലാണിത്.
യഥാർത്ഥത്തിൽ 2024-25 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള സമയത്തായി ആകെ 70,795 കോടി രൂപ സ്വീകരിച്ച് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്‌ട്ര ഒന്നാം സ്ഥാനത്താണുള്ളത്. ബിജെപിക്കെതിരെ നിരന്തരമായി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് രാഹുൽ പറയുന്നത്. സ്ഥലങ്ങളുടേയും ജാതിയുടേയും മതത്തിന്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നതയുണ്ടാക്കാനാണ് രാഹുൽ നോക്കുന്നത്. തെരഞ്ഞെടുപ്പ് എന്ന ഒറ്റലക്ഷ്യം മാത്രം മുന്നിൽ കണ്ടാണ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും” ബിജെപി ചൂണ്ടിക്കാട്ടി.