ന്യൂഡൽഹി: എയർ ഇന്ത്യ-വിസ്താര ലയനം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ വിമാനം ദോഹയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര കഴിഞ്ഞ ദിവസമാണ് എയർ ഇന്ത്യയിൽ ലയിച്ചത്. ഇനി മുതൽ വിസ്താരയുടെ വിമാനങ്ങളെല്ലാം എയർ ഇന്ത്യയുടെ കീഴിലാകും സേവനങ്ങൾ നടത്തുന്നത്.
‘എഐ2286’ എന്ന കോഡിലുള്ള വിമാനം പ്രാദേശിക സമയം രാത്രിയോടെ ദോഹയിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ മുംബൈയിൽ എത്തിച്ചേർത്തു. ലയനം നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ അന്താരാഷ്‌ട്ര സർവീസ് കൂടിയാണിത്. എഐ എന്ന് തുടങ്ങുന്ന നാലക്ക ഫ്‌ളൈറ്റ് കോഡ് ആയിരിക്കും ഇനി മുതൽ വിസ്താരയ്‌ക്ക് ഉണ്ടാവുക. ബുക്കിങ് സമയത്ത് വിസ്താര വിമാനം തിരിച്ചറിയുന്നതിന് ഈ കോഡ് യാത്രക്കാരെ സഹായിക്കും.
2022 നവംബറിലാണ് എയർ ഇന്ത്യയും വിസ്താരയും തമ്മിൽ ലയിക്കുമെന്ന പ്രഖ്യാപനം വരുന്നത്. സർവീസുകൾ എയർ ഇന്ത്യയ്‌ക്ക് കീഴിലായെങ്കിലും റൂട്ടുകളും ഷെഡ്യൂളുകളും മാറ്റമില്ലാതെ തുടരും. എയർ ഇന്ത്യയും വിസ്താരയും തമ്മിലുള്ള ലയനം പൂർത്തിയായാൽ ടാറ്റ ഗ്രൂപ്പിലേക്ക് 3194 കോടി രൂപ അധിക നിക്ഷേപം നടത്തുമെന്നാണ് സിംഗപ്പൂർ എയർലൈൻസ് അറിയിച്ചിരുന്നത്. വിസ്താരയുടെ 49 ശതമാനം ഓഹരിയാണ് സിംഗപ്പൂർ എയർലൈൻസിന് ഉണ്ടായിരുന്നത്. ലയനത്തിന് ശേഷം എയർ ഇന്ത്യയിൽ 25.1 ഓഹരി പങ്കാളിത്തം സ്വന്തമാക്കുന്നതിനായാണ് സിംഗപ്പൂർ എയർലെൻസ് അധിക നിക്ഷേപം നടത്തുന്നത്.