മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ബേസിൽ ജോസഫും ടൊവിനോ തോമസും. ഇരുവരും ഒന്നിച്ചുള്ള അഭിമുഖങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടാറുണ്ട്. പരസ്പരം ട്രോളിക്കൊണ്ടുള്ള ഇരുവരുടെ പ്രതികരണങ്ങൾ കാണാനും പ്രേക്ഷകർക്ക് ഒരുപാടിഷ്ടമാണ്. അത്തരത്തിലൊരു വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
ട്രോളന്മാരുടെ ഇത്തവണത്തെ ഇര ബേസിലായിരുന്നു. ബേസിലിന്റെ പുതിയ വീഡിയോയും അതിന് താഴെയുള്ള ടൊവിനോ തോമസിന്റെ കമന്റുമാണ് ആരാധകർക്കിടയിൽ ശ്രദ്ധയാകർഷിക്കുന്നത്. സൂപ്പര്‍ ലീഗ് കേരള ഫുട്‍ബോള്‍ മത്സരത്തിനിടെയുള്ളതാണ് വീഡിയോ. പൃഥ്വിരാജിന്റെ ഫോഴ്സ കൊച്ചിയെ പരാജയപ്പെടുത്തി, ബേസിലിന്റെ കാലിക്കറ്റ് എഫ്സിയാണ് ചാമ്പ്യന്മാരായത്. സമ്മാനദാന ചടങ്ങിൽ താരങ്ങൾക്ക് മെഡലുകൾ സമ്മാനിക്കുമ്പോൾ ടീമിലെ ഒരു താരത്തിന് ബേസിൽ കൈ കൊടുക്കുന്നുണ്ട്. എന്നാൽ ബേസിലിനെ ശ്രദ്ധിക്കാതെ താരം പൃഥ്വിരാജിനാണ് കൈ കൊടുക്കുന്നത്. പിന്നാലെ ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ബേസിൽ കൈ പതുക്കെ താഴ്‌ത്തുന്നുണ്ട്. ഇത് ചില ഓൺലൈൻ മാദ്ധ്യമങ്ങളുടെ കാമറയിൽപ്പെട്ടു.
ഈ വീഡിയോ ഞൊടിയിടയിലാണ് സമൂഹമാദ്ധ്യമങ്ങളിലും ട്രോൾ ഗ്രൂപ്പുകളിലും പ്രത്യക്ഷപ്പെട്ടത്. വീഡിയോയുടെ കമന്റ് ബോക്സിൽ ടൊവിനോ തോമസ് ഒരു ഇമോജി പങ്കുവച്ചു. ഇതിന് മറുപടിയായി നീ പക പോക്കുകയാണല്ലേടാ എന്ന് ബേസിലും കുറിച്ചു. ഇതിന് പിന്നാലെ രസകരമായ കമന്റുകളുമായി ആരാധകരും രംഗത്തെത്തി. ‘ഇപ്പോൾ എങ്ങനെയുണ്ട് മോനെ, ടൊവിനോയെ കുറെ കളിയാക്കിയതല്ലേ ഇനി കുറച്ച് നാൾ എയറിൽ നിൽക്ക്, ടൊവിനോ ഇത് കണ്ട് ചിരിച്ച് മരിക്കുന്നുണ്ടായിരിക്കും, ഇനി ടൊവിനോയുടെ സമയം, ബേസിൽ പ്ലിംഗായി പോയി’ എന്നിങ്ങനെ തുടങ്ങുന്നു കമന്റുകൾ.
ക്രിക്കറ്റ് താരം സഞ്ജു സാംസണും വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്.
മുമ്പ് ഇരുവരും പങ്കെടുത്ത ഒരു സിനിമയുടെ പൂജാ ചടങ്ങിൽ, ആരതി തൊഴാൻ ടൊവിനോ കൈ നീട്ടിയപ്പോൾ പൂജാരി അത് ശ്രദ്ധിക്കാതെ മറ്റുള്ളവരുടെ മുന്നിലേക്ക് ആരതി കൊണ്ടുപോയി. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈലറായിരുന്നു. പിന്നീട് ഇരുവരും ഒന്നിച്ചെത്തിയ അഭിമുഖങ്ങളിലെല്ലാം ബേസിൽ ഇത് പറഞ്ഞ് ടൊവിനോയെ കളിയാക്കുമായിരുന്നു. ഈ സംഭവത്തിന്റെ പകരമായിട്ടാണ് ട്രോളൻമാർ ഇപ്പോൾ ബേസിലിനെയും ട്രോളുന്നത്.