കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പിപി ദിവ്യയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്ന് ആരോപണം ഉയർന്ന കണ്ണൂർ വിജിലൻസ് സിഐ ബിനു മോഹൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത്. ആരോപണം ശക്തമായതോടെ ബിനു മോഹനെ സ്ഥലംമാറ്റിയിരുന്നു ഇതിന പിന്നാലെയാണ് എഫ്ബി പോസ്റ്റുമായി രംഗത്തെത്തിയത്.
‘പന്നികളോട് ഒരിക്കലും ഗുസ്തി കൂടരുതെന്ന് ഞാൻ പണ്ടേ പഠിച്ചിട്ടുണ്ട്. നമ്മളുടെ ശരീരത്തിൽ ചെളിപറ്റും. പന്നി അത് ഇഷ്ടപ്പെടുന്നുണ്ടെങ്കിലും’, എന്ന ജോർജ് ബെർണാഡ് ഷായുടെ വരികളാണ് ബിനു മോഹൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. മാദ്ധ്യമങ്ങളിലടക്കം ചർച്ചയായതിനു പിന്നാലെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്.
വ്യാപക ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെയാണ് ബിനു മോഹനെ ന്യൂ മാഹി പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലംമാറ്റിയത്. വിവാദമായ പെട്രോൾ പമ്പ് ഉടമ പ്രശാന്തനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ബിനു മോഹൻ ആയിരുന്നു. പിപി ദിവ്യയുമായി ബന്ധപ്പെട്ട ബിനാമി ഇടപാടുകളിൽ ബിനു മോഹനും പങ്കുണ്ടെന്ന് ആയിരുന്നു ഉയർന്ന ആരോപണങ്ങളിൽ പ്രധാനം.
ദിവ്യയ്‌ക്ക് പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു കമ്പനിയുടെ ഡയറക്ടർ ബിനുവിന്റെ സഹോദരനാണെന്നും ആരോപണം ഉയർന്നിരുന്നു.