മിത്തോളജിക്കൽ ഡ്രാമ മഹാവതാറിലൂടെ ഒരിക്കൽ കൂടി പ്രേക്ഷകരെ അത്ഭുതപ്പെടുത്താനൊരുങ്ങി ബോളിവുഡ് താരം വിക്കി കൗശൽ. അമർ കൗശിക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിരഞ്ജീവി പരശുരാമന്റെ കഥാപാത്രത്തെയാണ് വിക്കി കൗശൽ അവതരിപ്പിക്കാനൊരുങ്ങുന്നത്. സ്ത്രീ, ഭേദിയ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് അമർ കൗശിക്.
വൻ ബജറ്റിലൊരുങ്ങുന്ന മഹാവതാർ ഭഗവാൻ പരശുരാമനുമായി ബന്ധപ്പെട്ട ഇതിഹാസത്തിന്റെ പുനരാഖ്യാനമായിരിക്കും. ആഗോള തലത്തിൽ പ്രേക്ഷകരെ വലിയ രീതിയിൽ ആകർഷിക്കുന്ന ചിത്രമായിരിക്കും ഇതെന്ന് അണിയറപ്രവർത്തകർ പറയുന്നു. 2026ൽ ക്രിസ്മസ് റിലീസായാണ് ചിത്രം എത്തുന്നത്. ആക്ഷൻ സീനുകൾ ഉൾപ്പെടെ വലിയൊരു വിഷ്വൽ ട്രീറ്റായിരിക്കും ചിത്രമെന്നാണ് വിവരം.
ചിത്രത്തിന്റെ പ്രൊമോ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. വിക്കി കൗശലിന്റെ വേഷപ്പകർച്ച വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഭഗവാൻ വിഷ്ണുവിന്റെ അവതാരമായ പരശുരാമന്റെ കഥയെ ചുറ്റിപ്പറ്റിയാകും ചിത്രം മുന്നോട്ട് പോകുന്നത്. ക്ഷിപ്രകോപിയായ പരശുരാമൻ വലിയൊരു യോദ്ധാവ് കൂടിയാണ്. മഡ്ഡോക്ക് ഫിലിംസാണ് നിർമ്മാണം. ഛാവയ്‌ക്ക് ശേഷം മഡ്ഡോക്ക് ഫിലിംസുമായി വിക്കി കൗശൽ സഹകരിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണിത്.