മേജർ മുകുന്ദ് വരദരാജന്റെ ജീവിതം ആസ്പദമാക്കി പുറത്തിറങ്ങിയ സിനിമയായ അമരൻ തമിഴ്നാട്ടിലെ സ്കൂളുകളിലും കോളേജുകളിലും പ്രദർശിപ്പിക്കണമെന്ന് ബിജെപി. പുതു തലമുറയിൽ പെട്ടവരിൽ ദേശസ്നേഹം വളർത്തുന്നതിൽ സിനിമ ബൃഹത്തായ പങ്ക് വഹിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഇത്തരമൊരു ആവശ്യം മുന്നോട്ടുവച്ചത്.
ഇതിനെതിരെ എസ്ഡിപിഐയും മതതീവ്രവാദികളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കശ്മീരിനെയും മുസ്ലീം വിഭാഗത്തെയും മോശമായി ചിത്രീകരിക്കുന്നുവെന്നും ഇസ്ലാമോഫോബിയ പരത്തുന്നുവെന്ന വിചിത്ര വാദം ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട്ടിലെ എസ്ഡിപിഐ രംഗത്ത് വന്നിരിക്കുന്നത്.
ദേശീയബോധം വളർത്താൻ സിനിമ സഹായിക്കുമെന്നും സിനിമയെ എതിർക്കുന്നവർ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്‌ക്കുമെതിരാണെന്നും ബിജെപി തമിഴ്നാട് സംസ്ഥാന വക്താവ് എഎൻഎസ് പ്രസാദ് പറഞ്ഞു. സംസ്ഥാനത്തുടനീളം സിനിമ പ്രദർശിപ്പിക്കാൻ സർക്കാർ ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമ തിയേറ്ററുകളിൽ ഹിറ്റായി ഓടുന്നതിനിടെ 150-ലേറെ എസ്ഡിപിഐ പ്രവർത്തകർ ചെന്നൈയിലെ ആൽവാർപേട്ടയിലെ രാജ്കമൽ ഓഫീസിന് മുന്നിൽ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തീവ്ര ഇസ്ലാമിസ്റ്റുകൾ സിനിമയ്‌ക്കെതിരെ രംഗത്ത് വന്നെങ്കിലും ജനപ്രീതിയിൽ അമരൻ മുന്നേറുകയാണ്. രാഷ്‌ട്രീയ, കലാ മേഖലയിലെ നിരവധി പേരാണ് സിനിമയെ അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ഒക്ടോബർ 31-നാണ് ചിത്രം റിലീസ് ചെയ്തത്.