പാലക്കാട്: ഉപതെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിന് പിന്നിൽ ന്യൂനപക്ഷങ്ങൾ സ്വീകരിച്ച നിലപാടുകളാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പാർശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ഉണ്ടായതായി അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
വഖ്ഫ് ബോർഡിന്റെ അതിക്രമത്തിനെതിരെ ക്രൈസ്തവ ന്യൂനപക്ഷങ്ങൾ സ്വീകരിച്ചിട്ടുള്ള നിലപാട് പോളിംഗ് ശതമാനത്തിൽ കുറവ് വന്നതിലൊരു കാരണമാണ്. പരമ്പരാഗതമായി യുഡിഎഫിനെ പിന്തുണയ്‌ക്കുന്ന ക്രൈസ്തവ സമൂഹം പോളിംഗിന് എത്തിയില്ലെന്നതുള്ളതാണ് വയനാട്ടിൽ പോളിംഗ് ശതമാനം കുറയാനുള്ള ഒരു പ്രധാന കാരണം. മുനമ്പം വിഷയത്തിൽ ഉൾപ്പടെ യുഡിഎഫ് കാണിക്കുന്ന വഞ്ചന, എൽഡിഫിന്റെ തെറ്റായ സമീപനം എന്നിവ തങ്ങൾ പാർശ്വവത്കരിക്കപ്പെടുകയാണെന്ന ധാരണ ക്രൈസ്തവ വോട്ടർമാരിൽ വ്യാപകമായി ഉണ്ടായെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു.
എൽഡിഎഫും യുഡിഎഫും ഒരു ന്യൂനപക്ഷത്തെ പരിഗണിച്ച് മറ്റൊരു ന്യൂനപക്ഷത്തെ അവഗണിക്കുകയാണ്. ക്രിസ്ത്യാനികൾക്ക് 20 ശതമാനം മാത്രമാണ് സംവരണം. ജനസംഖ്യക്ക് ആനുപാതികമായുള്ള സംവരണം അവർക്ക് ലഭിക്കുന്നില്ല. വഖ്ഫ് ഉൾപ്പടെയുള്ള വിഷയങ്ങളിൽ ന്യൂനപക്ഷ സമുദായത്തെ രണ്ട് കണ്ണ് കൊണ്ട് കാണുന്ന നിലപാടാണ് ഭരണപ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. രണ്ടാനമ്മയുടെ മക്കളാണ് ക്രൈസ്തവ സമൂഹമെന്ന തരത്തിലാണ് അവർ പരിഗണിക്കുന്നത്. വോട്ടർമാരിൽ അസംതൃപ്തിക്ക് ഇത് കാരണമായിട്ടുണ്ട്. ചേലക്കരയിലെ ക്രൈസ്തവ കേന്ദ്രങ്ങളിലാണ് പോളിംഗ് കുറഞ്ഞത്- അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ അവകാശങ്ങൾ ഒരു ന്യൂനപക്ഷത്തിന്റെ മാത്രമായാണ് ഇരു മുന്നണികളും കണക്കാക്കുന്നത്. മുനമ്പം വിഷയത്തിൽ പലയിടങ്ങളിലും മുസ്ലീം ദേവാലയങ്ങളും സ്ഥാപനങ്ങളും അനുബന്ധിച്ചുള്ളവ വഖ്ഫിന്റെ പട്ടികയിലുണ്ടെങ്കിലും നോട്ടീസ് നൽകുന്നില്ല. സിപിഎം നേതാവായ കേരളത്തിലൊരു മുൻസിപ്പൽ ചെയർമാൻ വഖ്ഫിന്റെ ഭൂമി കയ്യേറിയെന്ന പേരിൽ വഖ്ഫ് ബോർഡ് അവകാശം ഉന്നയിച്ചിട്ട്, അദ്ദേഹത്തിന്റെ ഭൂമി തിരിച്ച് പിടിക്കാനുള്ള നോട്ടീസ് വഖ്ഫ് നൽകിയിട്ടില്ല. അതേ സമയം ക്രൈസ്തവ സമുദായത്തിലെയോ ഭൂരിപക്ഷ സമുദായത്തിലെയോ ആളുകളുടെ പേരിൽ വന്നിട്ടുള്ള വഖ്ഫ് ഇടപെടലുകളിൽ ദ്രുതഗതിയിൽ നോട്ടീസ് അയച്ചുകൊണ്ടിരിക്കുകയാണ്. പലയിടത്തും പുതുതായി വഖ്ഫ് അധിനിവേശം വരികയാണെന്നും അദ്ദേഹം പറഞ്ഞു.
മതവിഭാഗത്തെ ഏകോപിപ്പിക്കുന്നതിന് വേണ്ടി പലയിടത്തും യുഡിഎഫ് ജനാധിപത്യ വിരുദ്ധമായി പ്രവർത്തിക്കുകയാണ്. കള്ളപ്രചാരവേലകൾ നടത്തുകയാണ്. പതിവ് പേലെ വർഗീയ രാഷ്‌ട്രീയം കളിക്കാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. എൽഡിഎഫ് അതിനെ അനുകൂലിക്കുകയാണ്. പാലക്കാട് തെരഞ്ഞെടുപ്പിൽ എൽഡിഎഫും യുഡിഫും കള്ള പ്രചാരണങ്ങൾ വ്യാപിപ്പിക്കുകയാണ്. അധികാരവും പണവും ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നു. രഹസ്യ അജണ്ടയുടെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.