തിരുവനന്തപുരം: കഷായത്തിൽ വിഷം നൽകി കാമുകൻ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ, യുവാവിന്റെ മരണ മൊഴി രേഖപ്പെടുത്തിയ മജിസ്ട്രേറ്റ് കോടതിയിൽ തെളിവ് നൽകി. നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് ജഡ്ജി എ.എം ബഷീറിന് മുന്നിലാണ് മൊഴി നൽകിയത്. 2022 ഓക്ടോബർ 20ന് ആണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഷാരോൺ രാജിന്റെ മരണമൊഴി കോടതി പതിനൊന്നിലെ മജിസ്ട്രേറ്റ് ലെനി തോമസ് കുരക്കർ രേഖപ്പെടുത്തിയത്. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നിർദേശത്തിലായിരുന്നു മൊഴിയെടുപ്പ്.
താൻ ഷാരോണിനെ കാണുമ്പോൾ അദ്ദേഹം പൂർണ ബോധത്തിലായിരുന്നു, മൊഴി നൽകാൻ പ്രാപ്തനുമായിരുന്നു. അതേസമയം ശ്വാസം തടസം കാരണം വാക്കുകൾ ഇടയ്‌ക്കിടെ മുറിഞ്ഞു പോയിരുന്നു. 14ന് ഗ്രീഷ്മ നൽകിയ ഒരു ഗ്ലാസ് കഷായം മുഴുവനും കുടിച്ചുവെന്ന് ഷാരോൺ പറഞ്ഞതായി ലെനി തോമസ് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതിയെ അറിയിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എസ് വിനീത്കുമാർ കോടതിയിൽ ഹാജരായി.















