ആരാധകരിൽ ആവേശം പരത്തിയാണ് അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പ 2ന്റെ ട്രെയിലർ ലോഞ്ച് നടന്നത്. ഇന്നലെ വൈകിട്ട് ബിഹാറിലെ പട്നയിലായിരുന്നു ലോഞ്ച് നടന്നത്. ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുത്ത പരിപാടിയിൽ ആരാധകരുടെ ആവേശം അതിരുവിടുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നത്.
ഗാന്ധി മൈതാനത്ത് നടന്ന പരിപാടിയിൽ നടൻ അല്ലു അർജുനും നടി രശ്മിക മന്ദാനയും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. താരങ്ങളെ അടുത്ത് കാണാനുള്ള ആരാധകരുടെ ആവേശമാണ് അതിരുവിട്ടത്. താരങ്ങളെ കാണുന്നതിനായി ടവറിന്റെ മുകളിലേക്കും ബാരിക്കേഡുകളുടെ മുകളിലേക്കും ആരാധകർ വലിഞ്ഞുകയറിയത് ആശങ്ക പരത്തി. ടവറുകളുടെ മുകളിലേക്ക് കയറിയ ആരാധകർ മൊബൈൽ ഫോണിൽ ചിത്രങ്ങൾ പകർത്തുന്നതും പുഷ്പ എന്ന കഥാപാത്രത്തെ അനുകരിക്കുന്നതും കാണാം..
#WATCH | Bihar: People climb on structures erected at Gandhi Maidan in Patna to catch a glimpse of Allu Arjun and Rashmika Mandanna at the trailer launch event of ‘Pushpa 2: The Rule’. A massive crowd has gathered here, security deployed at the spot. pic.twitter.com/4P1ofojYt5
— ANI (@ANI) November 17, 2024
ജനക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ നിയന്ത്രിക്കാനായി പൊലീസ് നേരിയ ലാത്തിചാർജ് നടത്തി. വേദിയിലേക്ക് ഇരച്ചുകയറാൻ ആരാധകർ ശ്രമിച്ചതോടെ സുരക്ഷാ ഉദ്യോഗസ്ഥർ തടയുകയായിരുന്നു. നിമിഷ നേരങ്ങൾക്കുള്ളിലാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
ഡിസംബർ 5 നാണ് പുഷ്പ 2 തിയേറ്ററുകളിലെത്തുന്നത്. 600 കോടി രൂപയ്ക്കാണ് ചിത്രത്തിന്റെ തിയേറ്റർ അവകാശം വിറ്റഴിച്ചത്. റിലീസിന് മുന്നോടിയായി പ്രീ സെയിലിൽ 1,085 കോടി രൂപയും ചിത്രം സ്വന്തമാക്കി. E4 എന്റർടൈൻമെന്റ്സാണ് ചിത്രം കേരളത്തിൽ എത്തിക്കുക.