പറവൂർ; പറവൂർ SNGIST കോളേജിന് എതിരായ ജപ്തി നടപടികൾക്കെതിരെ രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തിൽ അണിനിരന്ന് എബിവിപിയും. കോളേജിന് മുന്നിൽ രക്ഷിതാക്കളും വിദ്യാർത്ഥികളും നടത്തിയ പ്രതിഷേധത്തിന് പിന്തുണ അർപ്പിച്ചാണ് എബിവിപി പ്രവർത്തകരും രംഗത്തെത്തിയത്. വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു രക്ഷിതാക്കൾ പ്രതിഷേധമുയർത്തിയത്.
ABVP -Students For Seva (SFS) സംസ്ഥാന ജോ. കൺവീനർ വിജിത്ത് വിനോദ്, സംസ്ഥാന സമിതി അംഗം കാശിനാഥ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ കോളേജിൽ എത്തി വിദ്യാർത്ഥികളെയും രക്ഷകർത്താക്കളെയും കണ്ട് സംസാരിക്കുകയും അവരുടെ ആശങ്കകൾ കേൾക്കുകയും ചെയ്തത്. ഇത് പരിഹരിക്കുവാൻ നടപടിയെടുക്കണമെന്ന് മാനേജ്‌മെന്റിനോട് എബിവിപി നേതാക്കൾ ആവശ്യപ്പെടുകയും ചെയ്തു.

നിലവിൽ ബാങ്കുമായി നടത്തിയ ചർച്ചയിൽ സമവായം ഉണ്ടായിട്ടുണ്ടെന്നും ഉടൻ തന്നെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്നും മാനേജ്‌മെന്റ് ഉറപ്പ് നൽകി. ജപ്തി നടപടിയുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്തിലാക്കുവാൻ അനുവദിക്കുകയില്ലെന്ന് എബിവിപി വ്യക്തമാക്കി. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകൾ പരിഹരിച്ച് ഉടൻതന്നെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണം. അല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി വിദ്യാർത്ഥികൾക്കൊപ്പം ഏതറ്റം വരെയും ഉണ്ടാകുമെന്നും എബിവിപി ഉറപ്പ് നൽകി.
2014 ൽ വായ്‌പെടുത്ത നാലു കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് SNGIST കോളേജിൽ കോട്ടക് മഹിന്ദ്ര ബാങ്ക് ജപ്തി നടപടിയുമായി എത്തിയത്. കോളേജ് മാനേജ്‌മെന്റും ബാങ്ക് അധികൃതരും തമ്മിൽ നടത്തിയ ചർച്ചയിൽ ബാങ്കിന് അടിയന്തരമായി ഒരു കോടി രൂപ നൽകി പ്രശ്‌ന പരിഹാരം കണ്ടെത്തുകയായിരുന്നു. മൂന്നു മാസത്തേക്ക് ജപ്തി ഉണ്ടാകില്ലെന്നും വിദ്യാർഥികൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കോളേജ് അധികൃതർ പിന്നീട് അറിയിച്ചു.
പത്തുമണിയോടെ കോളേജിൽ എത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ രക്ഷിതാക്കളും വിദ്യാർത്ഥികളും ഗേറ്റിന് മുന്നിൽ തടഞ്ഞു. പ്രദേശത്ത് സംഘർഷ സാധ്യതയുള്ളതിനാൽ വൻ പോലീസ് സന്നാഹവും സ്ഥലത്തുണ്ടായിരുന്നു.















