ദുബായ്: ദുബായിൽ പുതിയ 2 സാലിക് ടോൾ ഗേറ്റുകൾ കൂടി. ബിസിനസ് ബേയിലും അൽ സഫ സൗത്തിലുമാണ് പുതിയ ഗേറ്റുകൾ. ഞായറാഴ്ച മുതൽ രണ്ട് ഗേറ്റുകളും പ്രവർത്തന സജ്ജമാകും. ഇതോടെ ആകെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് പത്തായി മാറും.
ദുബായ് അൽഖെൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മൽ സീഫ് സ്ട്രീറ്റിനുമിടയിൽ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ ടോൾ വരുന്നത്. പുതിയ ഗേറ്റുകൾ കൂടി പ്രവർത്തന സജ്ജമാകുന്നതോടെ ദുബായിലെ പ്രധാന റോഡുകളിലെ വാഹന തിരക്ക് 42 ശതമാനം വരെ കുറയുമെന്നാണ് വിലയിരുത്തലെന്ന് ആർടിഎ അറിയിച്ചു.
നിലവിലുള്ള എട്ടു ടോൾ ഗേറ്റുകളിലൂടെ 59 കോടി 30 ലക്ഷം വാഹനങ്ങളാണ് കഴിഞ്ഞ വർഷം കടന്നു പോയത്. ഈ വർഷം ജൂൺ അവസാനം വരെ 23 കോടി 85 ലക്ഷം വാഹനങ്ങൾ സാലിക് ഗേറ്റ് വഴി യാത്ര ചെയ്തു. 100 കോടിയിലേറെ ദിർഹമാണ് ഇക്കാലയളവിലെ സാലിക് വഴിയുള്ള വരുമാനം.











