ദുബായ്: ദുബായ് ഫിറ്റ്നസ് ചലഞ്ചിന്റെ ഗ്രാൻഡ് ഫിനാലെയായ ദുബായ് റൺ റെക്കോർഡ് പങ്കാളിത്തത്തോടെ ആവേശമായി. വിവിധ രാജ്യങ്ങളിൽ നിന്നായി 2,78,000 റണ്ണേഴ്‌സാണ് ഷെയ്ഖ് സായിദ് റോഡിലൂടെയുള്ള ഓട്ടത്തിൽ പങ്കാളികളായത്.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന് നേതൃത്വം നൽകിയ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും ജനങ്ങളുടെ കൂടെ ഓടാനെത്തിയത് ആവേശമായി. കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം അധികമാണ് ഇക്കൊല്ലം ദുബായ് റണ്ണിലെ ജനപങ്കാളിത്തം. വനിതകളും കുട്ടികളുമടക്കമുള്ളവർ ആവേശത്തോടെ അതിരാവിലെ തന്നെ പങ്കെടുക്കാൻ എത്തി. പ്രവാസി മലയാളികൾ അടക്കമുളളവർ റണ്ണേഴ്‌സിനൊപ്പം ഉണ്ടായിരുന്നു.
കുടുംബങ്ങൾക്കായി അഞ്ചുകിലോമീറ്റർ റൂട്ടും പ്രൊഫഷണൽ ഓട്ടക്കാർക്കായുള്ള 10 കിലോമീറ്റർ റൂട്ടും ആയിരുന്നു ഏർപ്പടുത്തിയിരുന്നത്. 14 ലെയിനുള്ള ഷെയ്ഖ് സായിദ് റോഡ് രാവിലെ 10.30 വരെ അടച്ചിട്ടാണ് ദുബായ് റൺ സാധ്യമാക്കിയത്. പങ്കെടുക്കുന്നവർക്ക് ഷെയ്ഖ് സായിദ് റോഡിലേക്ക് എത്താൻ ദുബായ് മെട്രോ പുലർച്ചെ 3ന് തന്നെ സർവീസ് ആരംഭിച്ചിരുന്നു.
പാരാഗ്ലൈഡേഴ്‌സിന്റെ പ്രകടനമായിരുന്നു ഇത്തവണത്തെ പ്രത്യേകത. റണ്ണേഴ്‌സ് അണിനിരന്ന റോഡിന് മുകളിലൂടെ പറന്ന ഇവരുടെ പ്രകടനം പങ്കെടുത്തവർക്കും കൗതുകമായി.











