അകമഴിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഓരോ മലയാളി ആരാധകനും നന്ദി അറിയിച്ച് തെന്നിന്ത്യൻ താരം അല്ലു അർജുൻ. എല്ലാ മലയാളികൾക്കും നമസ്കാരം എന്ന് മലയാളത്തിൽ പറഞ്ഞുകൊണ്ടാണ് അല്ലു അർജുന്റെ വാക്കുകൾ തുടങ്ങിയത്. പുഷ്പ- 2 ന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് അല്ലു അർജുൻ കൊച്ചിയിലെത്തിയത്. കൊച്ചിയിൽ സംഘടിപ്പിച്ച പ്രമോഷൻ പരിപാടിയിലായിരുന്നു ആരാധകരെ ആവേശത്തിലാക്കിയ അല്ലു അർജുന്റെ വാക്കുകൾ.
‘എല്ലാ മലയാളികൾക്കും സുഖമല്ലേ. കേരളത്തിന്റെ മകനായി മല്ലു അർജുനായി നിങ്ങൾ എന്നെ ദത്തെടുത്തതിൽ വളരെയധികം നന്ദിയുണ്ട്. കഴിഞ്ഞ 20 വർഷങ്ങൾ നിങ്ങൾ എന്നെ സ്നേഹിച്ചു. പുഷ്പ 2- ന് വേണ്ടി നിങ്ങൾ മൂന്ന് വർഷം കാത്തിരുന്നു. നിങ്ങളുടെ സ്നേഹത്തിന് നന്ദി മാത്രമാണ് എനിക്ക് പറയാനുള്ളത്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ ഫഫയോടൊപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്.
സിനിമയിൽ എന്നോടൊപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദി. കേരളത്തിലേക്ക് വരുമ്പോൾ എന്റെ വീട്ടിലേക്ക് വരുന്നത് പോലെയാണ് എനിക്ക് തോന്നുന്നത്. ആര്യ എന്ന ചിത്രത്തിന് ശേഷമാണ് എനിക്ക് മലയാളി ആരാധകർ ഉണ്ടായത്. അന്ന് മുതൽ മലയാളികൾ എനിക്കൊപ്പമുണ്ട്’.
മലയാളികൾക്ക് വേണ്ടിയുള്ളതാണ് പുഷ്പ -2 ലെ ഗാനം. നിങ്ങൾക്ക് വേണ്ടി ദേവശ്രീ പ്രസാദിനോട് ഞാൻ ആവശ്യപ്പെട്ടു. ഇത് ഞാൻ നിങ്ങൾക്ക് നൽകുന്ന എന്റെ സ്നേഹമാണ്. ആറ് ഭാഷകളിൽ സിനിമ പുറത്തിറങ്ങും. ഈ ആറ് ഭാഷകളിലും എല്ലാവരും കേൾക്കുന്നത് മലയാളം വരികളാണ്. നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്ക്കും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും അല്ലു അർജുൻ പറഞ്ഞു.
രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരെ കുറിച്ചും അല്ലു അർജുൻ എടുത്തുപറഞ്ഞു. രശ്മികയുടെ പ്രോത്സാഹനവും പിന്തുണയും ഇല്ലെങ്കിൽ പുഷ്പയുടെ രണ്ടാം ഭാഗം ഒരിക്കലും പൂർത്തിയാകില്ലായിരുന്നുവെന്നും ലൊക്കേഷനെ വീടായി കണ്ടാണ് രശ്മിക വർക്ക് ചെയ്തതെന്നും അല്ലു അർജുൻ പറഞ്ഞു.
എന്റെ സഹോദരൻ എന്നാണ് ഫഫയെ കുറിച്ച് താരം പരാമർശിച്ചത്. പുഷ്പ റൂൾസിൽ അതിശയിപ്പിക്കുന്ന പ്രകടനമാണ് ഫഹദ് കാഴ്ചവച്ചതെന്നും സിനിമ കണ്ട ശേഷം അദ്ദേഹത്തെ നിങ്ങൾ കൂടുതൽ സ്നേഹിക്കുമന്നും അല്ലു അർജുൻ പറഞ്ഞു.