മലയാളി പ്രേക്ഷകർക്ക് വേണ്ടിയുള്ള അല്ലു അർജുന്റെ സമ്മാനം പുഷ്പ 2-ലെ പ്രമോഗാനം പുറത്തെത്തി. ‘മല്ലിക ബാനന്റെ അമ്പുകളോ’ എന്ന് തുടങ്ങുന്ന ഗാനമാണ് എത്തിയിരിക്കുന്നത്. കേരളത്തിന്റെ കലകളെ കോർത്തിണക്കികൊണ്ട് ഉഗ്രൻ ദൃശ്യവിരുന്നോടെയാണ് പ്രമോ ഗാനം ഒരുക്കിയിരിക്കുന്നത്.
മലയാളം വരികളാണ് ഗാനത്തിനുള്ളത്. പുഷ്പ -2 റിലീസ് ചെയ്യുന്ന ആറ് ഭാഷകളിലും ഈ വരികൾ തന്നെയായിരിക്കും പ്രേക്ഷകർ കേൾക്കുക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയ അല്ലു അർജുൻ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് മലയാളികൾക്ക് വേണ്ടിയുള്ള തന്റെ സമ്മാനം എന്നാണ് അല്ലു അർജുൻ പറഞ്ഞത്. അല്ലുവിന്റെ വാക്കുകൾ സദസിൽ ആവേശമുയർത്തിയിരുന്നു. ഇതിന് പിന്നാലെ എത്തിയിരിക്കുകയാണ് പ്രമോഗാനം.
സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ -2. അല്ലു അർജുൻ, രശ്മിക മന്ദാന, ഫഹദ് ഫാസിൽ എന്നിവരുടെ മാസ്മരിക പ്രകടനം കാണാനായി ആകാംക്ഷയിലാണ് പ്രേക്ഷകർ. ഡിസംബർ അഞ്ചിനാണ് പുഷ്പ – 2 തിയേറ്ററുകളിലെത്തുന്നത്.