സോൾ: യുക്രെയ്‌നുമായുള്ള പോരാട്ടത്തിൽ റഷ്യയ്ക്ക് ഉറച്ച പിന്തുണ നൽകുമെന്ന് ആവർത്തിച്ച് ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുടെ പ്രതിരോധ മന്ത്രി ആൻഡ്രി ബെലോസോവുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെയാണ് കിം ജോങ് ഉൻ നിലപാട് ആവർത്തിച്ചത്. പോരാട്ടത്തിൽ റഷ്യയ്‌ക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് കിം ജോങ് ഉൻ പ്രതിജ്ഞ എടുത്തതായി സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ മാസങ്ങളിലായി 10,000ത്തോളം സൈനികരെ ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചിരുന്നു. റഷ്യയുടെ അതിർത്തി മേഖലകളിലുള്ള പലയിടങ്ങളിലായി ഇവരെ വിന്യസിച്ചിരിക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിൽ സൈനിക സഹകരണം വർദ്ധിപ്പിക്കുന്നതിൽ പല ലോകരാജ്യങ്ങളും ആശങ്ക പരസ്യമായി തുറന്നു പറയുന്നതിനിടെയാണ് ആൻഡ്രി ബെലോസോവിന്റെ നേതൃത്വത്തിലുള്ള റഷ്യൻ സൈനിക സംഘം ഉത്തരകൊറിയയിൽ എത്തിയത്.
സൈനിക പങ്കാളിത്തം വർദ്ധിപ്പിച്ച് കൊണ്ട് ഇരു രാജ്യങ്ങളുടേയും പരമാധികാരവും സുരക്ഷാ താത്പര്യങ്ങളും സംരക്ഷിക്കുമെന്നും കിം ജോങ് ഉന്നും ആൻഡ്രിയും വ്യക്തമാക്കി. കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്നും, യോജിച്ച തീരുമാനങ്ങളാണ് നേതാക്കൾ സ്വീകരിച്ചതെന്നും സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ടിൽ പറയുന്നു. റഷ്യയുടെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള എല്ലാ നീക്കങ്ങൾക്കും ഉത്തരകൊറിയയുടെ പിന്തുണ ഉണ്ടാകുമെന്ന് കിം പറയുന്നു.
റഷ്യയ്‌ക്കെതിരെ ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്‌ന് അനുവാദം നൽകിയ യുഎസ് തീരുമാനത്തിനെതിരെ കിം ജോങ് ഉൻ നേരത്തെ രംഗത്തെത്തിയിരുന്നു. യുക്രെയ്‌നിൽ റഷ്യ നടത്തുന്ന ആക്രമണങ്ങൾ ഏറ്റവും ഫലപ്രദമായ മറുപടിയാണെന്നും കിം പറഞ്ഞിരുന്നു. അതേസമയം റഷ്യയുടെ ആയുധപ്പുര നിറയ്‌ക്കാൻ ഉത്തരകൊറിയ വലിയ രീതിയിൽ പീരങ്കികളും മിസൈലുകളും കയറ്റി അയച്ചുവെന്ന ആരോപണം ദക്ഷിണ കൊറിയ ഉയർത്തിയിരുന്നു. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും ഔദ്യോഗിക പ്രതികരണത്തിന് തയ്യാറായിട്ടില്ല.