സ്വന്തം തട്ടകത്തിൽ എതിരില്ലാത്ത രണ്ടുഗോളുകൾക്ക് ഗെറ്റാഫയെ വീഴ്‌ത്തി ലാലിഗയിൽ റയൽ മാഡ്രിഡിന്റെ കുതിപ്പ്. ഇതോടെ ബാഴ്സയുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്‌ക്കാൻ അവർക്കായി. 14 മത്സരങ്ങളിൽ നിന്ന് 33 പോയിൻ്റായ റയലിന് ഈ വർഷം ഒരു മത്സരം കൂടി ബാക്കിയിണ്ട്.
ഇന്നലെ ലാസ് പാൽമാസിനോട് ബാഴ്‌സലോണ പരാജയപ്പെട്ടിരുന്നു. ബാഴ്സ റയലിനെക്കാൾ ഒരു മത്സരം അധികം കളിച്ചിട്ടുണ്ട്. ആദ്യ പകുതിയിലാണ് ആതിഥേയരുടെ ഇരുഗോളുകളും പിറന്നത്. 30-ാം മിനിട്ടിൽ ജൂഡ് ബെല്ലിംഗ്ഹാമും 38 മിനിട്ടിൽ സൂപ്പർ താരം എംബാപ്പെയുമാണ് റയലിനായി വല കുലുക്കിയത്.
റൂഡിഗറിനെ വീഴ്‌ത്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ജൂഡ് വലയിലെത്തിച്ചത്. തൊട്ടുപിന്നാലെ രണ്ടാം ഗോളിന് വഴിയൊരുക്കിയതും ഇംഗ്ലണ്ട് താരമായിരുന്നു. പെനാൽറ്റി ബോക്സിന് പുറത്തു നിന്നുള്ള ഫ്രഞ്ച് താരത്തിന്റെ ഷോട്ട് മൂളി പറന്ന് എതിർവല തുളച്ചു. പിന്നീട് ഗോളിനായി പൊരുതി കളിച്ചെങ്കിലും ഫിനിഷിംഗിലെ പോരായ്മ വെല്ലുവിളിയായി.