ന്യൂഡൽഹി: ഇന്ത്യയിൽ ആദായനികുതി റിട്ടേൺ (ITR) സമർപ്പിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവ്. 2019-2020 കാലയളവ് മുതലാണ് വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ആദായ നികുതി വകുപ്പ് തയ്യാറാക്കിയ കണക്കുകൾ പ്രകാരം 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 1.83 കോടി സ്ത്രീകള്‍ ആദായനികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചു. ഇത് 2023-24 വര്‍ഷത്തില്‍ 25% വര്‍ദ്ധിച്ച് 2.29 കോടിയായി. 6.88 ലക്ഷം വനിതകള്‍ ഐടിആര്‍ ഫയല്‍ ചെയ്ത മഹാരാഷ്‌ട്രയാണ് പട്ടികയില്‍ മുന്നില്‍. മഹാരാഷ്‌ട്രയില്‍ ദേശീയ ശരാശരിയേക്കാള്‍ 23 ശതമാനമാണ് വര്‍ധന.
4.4 ശതമാനം വളർച്ച രേഖപ്പെടുത്തി 22,50,098 സ്ത്രീകൾ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത ഗുജറാത്ത് രണ്ടാം സ്ഥാനത്താണ്. ഉത്തർപ്രദേശിനാണ് മൂന്നാം സ്ഥാനം. 20,43,794 പേരാണ് നികുതി റിട്ടേൺ ഫയൽ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളിലും സമാനമായ വർദ്ധന ഉണ്ടായിട്ടുണ്ട്. ജമ്മു കശ്മീരിൽ 1,17,514 സ്ത്രീകൾ ആദായനികുതി റിട്ടേൺ സമർപ്പിച്ചു. 49.2 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്.
ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്ന വ്യക്തികളുടെ എണ്ണത്തിലെ സ്ഥിരമായ വര്‍ദ്ധനവ്, വികസിച്ചു കൊണ്ടിരിക്കുന്ന നികുതി അടിത്തറയെയും മെച്ചപ്പെട്ട നികുതി പരിപാലനത്തേയും സൂചിപ്പിക്കുന്നു. നല്ല ശമ്പളമുള്ള ജോലി നേടുന്നതോ സ്വന്തമായി ബിസിനസ്സ് സംരംഭങ്ങൾ നടത്തുന്നതോ ആയ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നതാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നു.