ന്യൂഡൽഹി: ആം ആദ്മി പാർട്ടിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രമന്ത്രി മൻസൂഖ് മാണ്ഡവ്യ. ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ മദ്യം വിൽക്കുന്ന തിരക്കിലാണ് ആം ആദ്മി പാർട്ടിയെന്ന് മൺസൂഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്രസർക്കാർ പദ്ധതികളെ കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ വാർത്ത സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
” ഡൽഹി സർക്കാർ ജനങ്ങളുടെ ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. എന്നാൽ അവർ മദ്യം വിൽക്കുന്ന തിരക്കിലാണ്. കേന്ദ്ര സർക്കാർ പദ്ധതികൾ ജനങ്ങൾക്ക് പ്രയോജനപ്പെടണം. ആയുഷ്മാൻ ഭാരത്, ആയുഷ്മാൻ വയ വന്ദന സ്‌കീം തുടങ്ങിയ പദ്ധതികൾ ഡൽഹിയിലെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഡൽഹി സർക്കാർ ഉറപ്പു വരുത്തണം.”- മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.
ആയുഷ്മാൻ ഭാരത് പദ്ധതി നടപ്പിലാക്കാൻ ഡൽഹി സർക്കാർ പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഡൽഹിയിലെ ജനങ്ങളുടെ ആരോഗ്യത്തിലും അവരുടെ ഉന്നമനത്തിലും ആം ആദ്മി പാർട്ടി എപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് അതിഷി സർക്കാരിന്റെ വാദം.
എന്നാൽ ആയുഷ്മാൻ ഭാരത് പോലുള്ള കേന്ദ്ര സർക്കാർ പദ്ധതികൾ നടപ്പിലാക്കുന്നതിൽ പരാജയപ്പെട്ടതിന് പിന്നാലെ ഡൽഹി സർക്കാരിന് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ജനങ്ങളുടെ അവകാശങ്ങൾക്ക് ഡൽഹി സർക്കാർ തടയിടുകയാണെന്നാണ് ഉയരുന്ന വിമർശനങ്ങൾ.