ശ്രീനഗർ: ഏഷ്യയിലെ തന്നെ ആദ്യത്തെ ജലഗതാഗത സേവനം ആരംഭിച്ച് ഊബർ. കശ്മീരിലെ ദാൽ തടാകത്തിലാണ് റൈഡുകൾക്കായി പുതിയ ഊബർ ശിക്കാരകൾ തയ്യാറായിരിക്കുന്നത്. ആപ്പിലൂടെ ശിക്കാര റൈഡുകൾ ബുക്ക് ചെയ്ത് യാത്ര ആസ്വദിക്കാം. വെനീസ് പോലുള്ള യൂറോപ്യൻ നഗരങ്ങളിലാണ് സമാനമായ ജലഗതാഗത സേവനങ്ങളുള്ളത്. ആദ്യഘട്ടത്തിൽ ഏഴ് ഊബർ ശിക്കാരകളാണ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ആവശ്യാനുസരണം ശിക്കാരകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
സാങ്കേതിക വിദ്യയ്‌ക്ക് സാംസ്കാരിക പൈതൃകത്തെ എങ്ങനെ ഉയർത്താനാകുമെന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഊബർ ശിക്കാര സംരംഭമെന്ന് ജമ്മു കശ്മീർ ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. ജമ്മുകശ്മീരിന്റെ സൗന്ദര്യത്തിന്റെ മുഖമുദ്രയാണ് ശിക്കാര റൈഡുകൾ. വരാനിരിക്കുന്ന ടൂറിസ്റ്റ് സീസൺ ലക്ഷ്യമിട്ടുള്ള സേവനം സഞ്ചാരികൾക്ക് ശിക്കാര റൈഡുകളുടെ മനോഹാരിത അനുഭവിച്ചറിയാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കമ്പനി അതിന്റെ ശിക്കാര ഉടമകളിൽ നിന്ന് യാതൊരു ഫീസും ഈടാക്കില്ല. മുഴുവൻ നിരക്കും അവർക്ക് നേരിട്ട് കൈമാറുമെന്നും ഊബർ ഇന്ത്യയുടെയും ദക്ഷിണേഷ്യയുടെയും പ്രസിഡൻ്റ് പ്രഭ്ജീത് സിംഗ് പറഞ്ഞു. റൈഡ്-ഹെയ്‌ലിംഗ് ആപ്പ് വഴി ഷിക്കാര റൈഡുകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഓരോ ഊബർ ശിക്കാര റൈഡിലും നാല് യാത്രക്കാരെ വരെ ഉൾക്കൊള്ളാൻ കഴിയും. കൂടാതെ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ ഒരു മണിക്കൂർ ബുക്കിംഗിന് ലഭ്യമാണ്. 12 മണിക്കൂർ മുതൽ 15 ദിവസം വരെ റൈഡുകൾ ഷെഡ്യൂൾ ചെയ്യാം.
ശ്രീനഗറിലെ ദാൽ തടാകത്തിലും മറ്റ് ജലാശയങ്ങളിലും കാണപ്പെടുന്ന തടികൊണ്ടുനിർമ്മിച്ച ബോട്ടാണ് ശിക്കാര. സാധാരണയായി ആറുപേർക്ക് ഇരിക്കാനാവുന്ന ഇവ കശ്മീരിന്റെ സൗന്ദര്യത്തിന്റെ അടയാളം കൂടിയാണ്. ചിലത് ഇപ്പോഴും മത്സ്യബന്ധനത്തിനും ഗതാഗതത്തിനും ഉപയോഗിക്കുമ്പോൾ, മിക്കതും ഇപ്പോൾ വിനോദസഞ്ചാരികൾ മനോഹരമായ റൈഡുകൾക്കായി ഉപയോഗിക്കുന്നു .