കോഴിക്കോട്: സുഹൃത്തിനൊപ്പം പാറക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വടകര ആറാം വെള്ളിയിൽ സ്വദേശിയായ സൂര്യജിത്ത് (16) ആണ് മരിച്ചത്. സ്വന്തം വീട്ടിൽ വൈദ്യുതി കണക്ഷൻ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു സൂര്യജിത്ത് സുഹൃത്തിനൊപ്പം പാറക്കുളത്തിലേക്ക് കുളിക്കാൻ പോയത്.
വീട്ടിൽ കറന്റ് കണക്ഷൻ ഇല്ലാത്തതിനാൽ വളരെയധികം ദുഃഖിതനായിരുന്നു സൂര്യജിത്ത്. ഇതിനിടെ കഴിഞ്ഞ ദിവസമാണ് വീട്ടിൽ കറന്റ് കണക്ഷൻ ലഭിച്ചത്.
നീന്തൽ വശമില്ലാത്തതിനാൽ സൂര്യജിത്ത് കുളിക്കുന്നതിനിടെ വെള്ളത്തിൽ താഴ്ന്നുപോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും മുങ്ങുകയായിരുന്നു. ഇതോടെ സുഹൃത്ത് നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ തെരച്ചിലിൽ സൂര്യജിത്തിനെ ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പുറമേരി കടത്തനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു സൂര്യജിത്ത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.