അനന്ത്‌നാഗ്: യുഎപിഎ ചുമത്തിയ പ്രതിയുടെ വീട് കണ്ടുകെട്ടി കശ്മീർ പൊലീസ്. അഞ്ച് കോടി രൂപ വില വരുന്ന ഇരുനില വീടാണ് കണ്ടുകെട്ടിയത്. അനന്ത്‌നാഗ് പൊലീസിന്റേതാണ് നടപടി. 1967 ലെ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ (യുഎപിഎ) സെക്ഷൻ 25 പ്രകാരമാണ് സ്വത്ത് കണ്ടുകെട്ടിയതെന്ന് പൊലീസ് അറിയിച്ചു.
ഫിർദൗസ് അഹമ്മദ് ഭട്ട് എന്നയാളുടെ വസ്തുവും വീടുമാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇയാൾക്കെതിരെയുളള കേസിന്റെ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. എഫ്‌ഐആർ നമ്പർ മാത്രം പൊലീസ് പരസ്യപ്പെടുത്തിയിട്ടുണ്ട്.
എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലാണ് പൊലീസ് നടപടികൾ പൂർത്തീകരിച്ചത്. വീടിന് മുൻപിൽ ഇതുമായി ബന്ധപ്പെട്ട നോട്ടീസും പതിച്ചിട്ടുണ്ട്. വീട് വാങ്ങാൻ ആർക്കും അനുമതിയില്ലെന്നും വിൽക്കുന്നതിനോ വാടകയ്‌ക്ക് നൽകാനോ ഉടമയ്‌ക്കും അനുവാദമില്ലെന്നും നോട്ടീസിൽ പറയുന്നു.
നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും ദേശസുരക്ഷയ്‌ക്ക് നേരെ ഉയരുന്ന ഭീഷണികൾ അമർച്ച ചെയ്യാനും തങ്ങൾക്കുളള പ്രതിബദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അനന്ത്‌നാഗ് പൊലീസ് പറഞ്ഞു.