ന്യൂഡൽഹി: സുരക്ഷാ നടപടിക്രമങ്ങൾ വർദ്ധിപ്പിച്ചത് വഴി രാജ്യത്ത് ട്രെയിൻ അപകടങ്ങളിൽ വലിയ കുറവ് ഉണ്ടായതായി കേന്ദ്ര റെയിൽവേ മന്ത്രാലയം. പാർലമെന്റിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2013-15ൽ ട്രെയിൻ അപകടങ്ങൾ 135 എന്നതായിരുന്നു, അതിൽ നിന്നും 2023-24 ആയപ്പോഴേക്കും ട്രെയിൻ അപകടങ്ങളുടെ എണ്ണം 40 ആയി കുറഞ്ഞുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
റെയിൽവേ ട്രാക്കിലെ തകരാറ്, റോളിംഗ് സ്‌റ്റോക്ക്, സിഗ്നലിങ് മെഷീനുകൾ എന്നിവയിലെ തകരാറ്, മാനുഷികമായ പിഴവുകൾ തുടങ്ങിയവയാണ് അപകടങ്ങൾക്ക് പ്രധാനമായും കാരണമാകുന്നത്. 2004 മുതൽ 2014 വരെ രാജ്യത്ത് 1711 ട്രെയിൻ അപകടങ്ങളാണ് ഉണ്ടായത്. പ്രതിവർഷം 171 എന്ന തോതിലാണ് അപകടങ്ങൾ സംഭവിച്ചത്. 2014 മുതൽ 2024 വരെ 678 അപകടങ്ങൾ എന്ന തോതിലേക്ക് ഇത് കുറഞ്ഞു. പ്രതിവർഷം 68 എന്ന നിലയിലേക്കാണ് ഇത് എത്തിയത്.
സുരക്ഷയെ സൂചിപ്പിക്കുന്ന പ്രധാന സൂചികയായ ആക്സിഡന്റ്സ് പെർ മില്യൺ ട്രെയിൻ കിലോമീറ്റരിൽ(എപിഎംടികെഎം) ഉണ്ടായ മെച്ചപ്പെടുത്തലുകളെ കുറിച്ചും മന്ത്രാലയം ചൂണ്ടിക്കാണിച്ചു 2014-15 വർഷത്തിൽ ഇത് 0.11 ആയിരുന്നുവെങ്കിൽ 2013-24ൽ ഇത് 0.03 ആയി കുറഞ്ഞു. ഏകദേശം 73 ശതമാനത്തിന്റെ കുറവാണ് ഇവിടെ സംഭവിച്ചത്. അതേപോലെ 2004-2014 വർഷത്തെക്കാൾ കഴിഞ്ഞ 10 വർഷത്തിനിടെ മരണനിരക്കും അപകടം സംഭവിച്ചവരുടെ എണ്ണത്തിലും കുറവ് വരുത്താനായിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ റോളിങ് സ്‌റ്റോക്കിലും ട്രാക്കിലുമുൾപ്പെടെയുണ്ടായ തകരാറുകളിൽ റെയിൽവേയ്‌ക്ക് 313 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായും കണക്കുകൾ പറയുന്നു.