ന്യൂയോർക്ക്: ഭാവിയിൽ രാഷ്ട്രീയ എതിരാളികൾ ഹണ്ടർ ബൈഡനെ കരുവാക്കുന്നത് ഒഴിവാക്കുന്നതിന് വേണ്ടിയാണ് പ്രസിഡന്റ് ജോ ബൈഡൻ ഹണ്ടറിന് മാപ്പ് നൽകിയതെന്ന വിശദീകരണവുമായി വൈറ്റ് ഹൗസ്. പ്രസിഡന്റ് കാലാവധി അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ജോ ബൈഡൻ മകൻ ഹണ്ടർ ബൈഡന് തോക്ക് കൈവശം വച്ചത് ഉൾപ്പെടെയുള്ള കേസുകളിൽ ഔദ്യോഗികമായി മാപ്പ് നൽകിയത്.
സംഭവത്തിൽ ജോ ബൈഡനെതിരെ വലിയ രീതിയിൽ വിമർശനം ഉയർന്നതിന് പിന്നാലെയാണ് വൈറ്റ് ഹൗസ് ഈ വിഷയത്തിൽ വിശദീകരണം നൽകിയത്. രാഷ്‌ട്രീയ എതിരാളികൾ ഹണ്ടറിനെതിരായ കേസ് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും, ബൈഡൻ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷവും അത് തുടർന്നേക്കാമെന്നും വൈറ്റ് ഹൗസ് വക്താവ് കരീൻ ജീൻ പിയറി ബൈഡന്റെ ഉത്തരവിനെ പിന്തുണച്ച് കൊണ്ട് വ്യക്തമാക്കി.
” രാഷ്‌ട്രീയ എതിരാളികൾ ഈ കേസ് ദുരുപയോഗം ചെയ്യുമെന്ന് തോന്നിയതാണ് പ്രസിഡന്റ് ജോ ബൈഡൻ ഹണ്ടറിന് മാപ്പ് നൽകാനുള്ള കാരണം. ഹണ്ടർ അവരിൽ നിന്ന് വലിയ രീതിയിൽ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ബൈഡൻ വിശ്വസിക്കുന്നു. നീതിന്യായ വ്യവസ്ഥയിൽ അദ്ദേഹം വിശ്വസിക്കുന്നുണ്ട്. എങ്കിലും രാഷ്‌ട്രീയത്തിന്റെ പേരിൽ ചെയ്യാത്ത കാര്യങ്ങൾക്ക് ബൈഡന്റെ മകനായതിന്റെ പേരിൽ ഹണ്ടർ ക്രൂശിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വസിക്കുന്നുവെന്നും” കരീൻ ജീൻ പിയറി പറയുന്നു
അതേസമയം ഒരു പ്രസിഡന്റ് തന്റെ കുടുംബാംഗങ്ങൾക്ക് ഇത്തരം കേസുകളിൽ മാപ്പ് നൽകുന്നത് ഇത് ആദ്യമായിട്ടല്ലെന്നും കരീൻ ജീൻ പിയറി കൂട്ടിച്ചേർത്തു. ബിൽ ക്ലിന്റൻ തന്റെ അർദ്ധസഹോദരനായ റോജറിനും, മകളുടെ ഭർതൃപിതാവായ ചാൾസ് കുഷ്‌നർക്ക് ഡോണൾഡ് ട്രംപ് സമാനമായ രീതിയിൽ മാപ്പ് നൽകിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാണിച്ചു.