ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ താരം സിദ്ധാർത്ഥ് കൗൾ പുതിയൊരു അദ്യായത്തിന് തുടക്കമിട്ടു. എക്സ് പോസ്റ്റിലൂടെയാണ് പുതിയ തുടക്കത്തെ കുറിച്ച് അദ്ദേഹം വ്യക്തമാക്കിയത്. 34-കാരനായ കൗൾ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിലാണ് വിരമിക്കലിന് പിന്നാലെ ജോലിക്ക് കയറിയത്. വലം കൈയൻ ബൗളർ മൂന്നു വീതം ഏകദിനത്തിലും ടി20യിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 2018-ലായിരുന്നു അരങ്ങേറ്റം.
2008-ൽ അണ്ടർ 19 ലോകകപ്പ് നേടിയ വിരാട് കോലി നയിച്ച ടീമിൽ അംഗമായിരുന്നു കൗൾ. 10 വിക്കറ്റുമായി ടൂർണമെന്റിലെ മികച്ച ബൗളറായതും കൗൾ ആയിരുന്നു. താരത്തിന്റെ കരിയറിലെ ഏറ്റവും തിളക്കമേറിയ അദ്ധ്യായവും ഇതായിരുന്നു. ആഭ്യന്തര തലത്തിൽ പഞ്ചാബിനായി കളിച്ച താരം 88 ഫസ്റ്റക്ലാസ് മത്സരങ്ങളിൽ നിന്ന് 297 വിക്കറ്റും 111 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്ന് 199 വിക്കറ്റും സ്വന്തമാക്കി. 2013 ഡൽഹിക്കൊപ്പമാണ് ഐപിഎൽ യാത്ര ആരംഭിക്കുന്നത്.
2017-21 വരെ സൺറൈസേഴ്സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം നടത്താൻ കൗളിനായി. 2017-ൽ 16 വിക്കറ്റും 21-ൽ 21 വിക്കറ്റും സ്വന്തമാക്കി. അതേസമയം പോയ മെഗാലേലത്തിലും താരത്തെ വാങ്ങാൻ ആളുണ്ടായിരുന്നില്ല. 17 വർഷത്തെ കരിയറിനാണ് നവംബർ 28ന് അദ്ദേഹം വിരാമമിട്ടത്. ചണ്ഡിഗഡിലാണ് താരം ജോലിയിൽ പ്രവേശിച്ചത്.
Office Time♠️ pic.twitter.com/Nyas93H6Ya
— Siddharthh Kaul (@iamsidkaul) December 3, 2024