സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരുന്ന സിനിമയാണ് സ്റ്റൈലിഷ് സ്റ്റാർ അല്ലു അർജുന്റെ പുഷ്പ 2 ദ റൂൾ. തിയേറ്ററുകൾ ഉത്സവപ്പറമ്പാക്കിയാണ് സിനിമ പ്രദർശനത്തിനെത്തിയിരിക്കുന്നത്. ലോകത്താകെ 12,000 സ്‌ക്രീനുകളിൽ പ്രദർശനത്തിനെത്തിയ സിനിമ കേരളത്തിൽ 500 തിയേറ്ററുകളിലാണ് എത്തിയത്. പുലർച്ചെ നാല് മണിക്കായിരുന്നു ആദ്യ ഷോ. വൻ ജനതിരക്കായിരുന്നു ആദ്യ ഷോയ്‌ക്ക് തന്നെ അനുഭവപ്പെട്ടത്.
പുഷ്പയുടെ ആദ്യ ഭാഗത്തിന് പാൻ ഇന്ത്യൻ ലെവലിൽ വലിയ വിജയം നേടിയിരുന്നു. രണ്ടാം ഭാഗവും അതേ ലെവൽ വിജയം സ്വന്തമാക്കുമെന്ന് ഊട്ടി ഉറപ്പിക്കുന്നതാണ് പുഷ്പ 2 ദ റൂൾ. തെലുങ്കിലെ മറ്റ് സൂപ്പർ സ്റ്റാറുകൾക്കൊന്നും ലഭിക്കാത്ത ഓപ്പണിംഗ് കളക്ഷൻ സ്വന്തമാക്കിയാണ് അല്ലു അർജുന്റെ പുഷ്പ 2 കേരളത്തിലും കുതിക്കുന്നത്.
പുഷ്പ ആരെന്നും എന്തെന്നുമുള്ള ചോദ്യമായിരുന്നു ഒന്നാം ഭാഗത്തിൽ പ്രേക്ഷകരുടെ മുന്നിലേക്ക് വച്ചത്. സ്വന്തമായി ഐഡന്റിറ്റിയിലെന്നതിന്റെ പേരിൽ ചെറുപ്പത്തിൽ തല താഴ്‌ത്തേണ്ടി വന്ന പുഷ്പ, തന്റെ ലക്ഷ്യം നേടിയെടുക്കുന്ന തരത്തിലാണ് സംവിധായകൻ സിനിമ ഒരുക്കിയിരിക്കുന്നത്. ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും ആരാധകരെ ഹരം കൊള്ളിക്കുന്നതാണ്. ആരാധകർക്കായി തികച്ചും വാണിജ്യാടിസ്ഥാനത്തിലാണ് പുഷ്പ 2 ഒരുക്കിയിരിക്കുന്നത്.
തമിഴ്‌നാട്ടിലെ ചിറ്റൂർ ജില്ല അടക്കി വാഴുന്ന പുഷ്പ രാജായി തന്റെ സ്വാഗ് സിനിമയിലുടനീളം അല്ലു അർജുൻ നിലനിർത്തിയിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഒന്നാം ഭാഗത്തിനെ അപേക്ഷിച്ച് രശ്മിക മന്ദാനയുടെ ശ്രീവല്ലി എന്ന കഥാപാത്രത്തിനും പുഷ്പ 2വിൽ കൂടുതൽ പ്രാധാന്യം സംവിധായകൻ സുകുമാർ നൽകിയിട്ടുണ്ട്. സിനിമയുടെ ഒന്നാം ഭാഗത്തിൽ ചുരുങ്ങിയ സീനുകളിൽ തന്നെ കയ്യടി നേടിയ ഫഹദ് ഫാസിലിന്റെ ഷെഖാവത്ത് എന്ന കഥാപാത്രം രണ്ടാം ഭാഗത്തിലും പ്രേക്ഷശ്രദ്ധ നേടിയെന്നാണ് ആരാധകർ പറയുന്നത്.
നായകനെക്കാൾ കയ്യടി നേടികൊണ്ടായിരുന്നു ഫഹദ് ഫാസിൽ പൊലീസ് ഉദ്യോഗസ്ഥനായി ആദ്യ ഭാഗത്തിലെത്തിയത്. ആക്ഷൻ രംഗങ്ങൾക്ക് പുറമെ ക്ലൈമാക്‌സും ഇമോഷൻ രംഗങ്ങളും ആരാധകരെ പിടിച്ചിരുത്തുന്നതാണെന്ന് പറയാം. പുഷ്പ 1 ആരാധകർക്ക് കിടിലൻ ദൃശ്യാനുഭവം നൽകുന്നതാണ് പുഷ്പ 2. പുഷ്പ രാജിന്റെ ഗാഥ ഇവിടെയും തീരുന്നില്ല എന്ന സൂചനയും പുഷ്പ 2 നൽകുന്നുണ്ട്. ദേവി ശ്രീ പ്രസാദിന്റെ സംഗീതവും ശ്രീലീലയുടെയും അല്ലു അർജുന്റെയും ചടുല നൃത്തവും സിനിമയ്‌ക്ക് നൽകുന്ന വൈബ് വേറെ തന്നെയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.