കൊച്ചി: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ ക്രൂര കൊലപാതകവുമായി ബന്ധപ്പെട്ട് കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. കേസിൽ ഒളിവിൽ കഴിയുന്നവരുടെ വിവരങ്ങൾ തേടിയാണ് എൻഐഎ സംഘം വ്യാഴാഴ്ച രാവിലെ എറണാകുളത്തെത്തിയത്. കർണാടകയിലെ 16 കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്.
2022 ജൂൺ 26നായിരുന്നു പ്രവീൺ നെട്ടാരുവിനെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ദക്ഷിണ കന്നഡയിലെ ബെല്ലാരി ഗ്രാമത്തിൽ വച്ചായിരുന്നു ആക്രമണം. കൊലയ്‌ക്ക് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഭീകരരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ആദ്യം ബെല്ലാരി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് പിന്നീട് എൻഐഎയ്‌ക്ക് കൈമാറുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ 2023 ജനുവരിയിൽ 21 പേർക്കെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചു.
19 പ്രതികളെയാണ് ഇതുവരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒളിവിലായിരുന്ന മുഖ്യസൂത്രധാരൻ മുസ്തഫ പൈച്ചറിനെ ഇക്കഴിഞ്ഞ മെയ് 10നാണ് അറസ്റ്റ് ചെയ്തത്. സംസ്ഥാനത്ത് പിഎഫ്‌ഐ സർവീസ് ടീമിന്റെ മാസ്റ്റർ ട്രെയിനറായിരുന്നു ഇയാൾ. മുസ്തഫ പൈച്ചറിന് അഭയം നൽകിയ രണ്ട് പേർക്കെതിരെ ആഗസ്റ്റിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചിരുന്നു.